ഡല്‍ഹി: ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ഇന്ത്യക്ക് മാത്രമല്ല ലോകത്തിന്നാകെ മാര്‍ഗ്ഗ ദീപമായിരുന്നു മഹാത്മഗാന്ധി. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയില്‍ എതിരാളികളുടെ നേര്‍ക്ക് തൊടുത്തു വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്. മറ്റാര്‍ക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത വിധമായിരുന്നു ആ ജീവിതം. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും ഒക്ടോബര്‍ 2 എന്നത് വിശേഷപ്പെട്ട ദിനം തന്നെയാണ് ഓരോ ഇന്ത്യക്കാരനും.
ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്‍കി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമായി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.