ആലുവ: ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. കൊവിഡ് നിയന്ത്രങ്ങളുള്ളതിനാല്‍ മണപ്പുറത്ത് ഭക്തര്‍ക്ക് ഉറക്കമൊഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിയന്ത്രങ്ങളോട് കൂടി ബലി തര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ ക്യൂ വഴിയാണ് ഇക്കുറി മണപ്പുറത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതെങ്കിലും സുരക്ഷാ പരിശോധനകള്‍ക്ക് വിട്ടുവീഴ്ചയില്ല. അഞ്ച് ക്ലസ്റ്ററുകളായി അന്‍പതോളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ ക്ലസ്റ്ററിലും 20 പേര്‍ക്കു വീതം ഒരേസമയം 1,000 പേര്‍ക്കു ബലിയിടാം. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.ആളുകള്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അതോടൊപ്പം ബലി ദര്‍പ്പണത്തിന് ശേഷം പുഴയില്‍ ഇറങ്ങുന്നതിനും അനുവാദമില്ല. പുഴയില്‍ ഇറങ്ങരുതെന്ന് ക്ഷേത്രം ഭരണ സമതിയും പോലീസും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.