ദേശിയ പുരസ്‌കാര നിറവിൽ നടിപ്പിൻ നായകന് ഇന്ന് 47-ാം പിറന്നാൾ

ടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക് ഇന്ന് 47-ാം ജന്മദിനം. 1975ല്‍ ജനിച്ച ശരവണന്‍ ശിവകുമാര്‍ സൂര്യയായും അവിടുന്ന് നടിപ്പിന്‍ നായകനായും ആരാധകരുടെ മനസില്‍ ഇടംനേടിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. പിറന്നാള്‍ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സൂര്യ. കരിയറില്‍ ഇതുവരെ മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യ നേടിയിട്ടുണ്ട്.

1997-ല്‍ പുറത്തിറങ്ങിയ ‘നേര്ക്കു നേര്’ എന്ന ചിത്രത്തിലൂടെ തന്റെ 22-ാം വയസിലാണ് സൂര്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം ഏതാനും സിനിമകളില്‍ അഭിനയിച്ചെങ്കിലും അവയ്‌ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. പിതാമകന്‍, ആറ്, പേരഴകന്‍, ഗജിനി, കാക്ക കാക്ക, വാരണം ആയിരം, സിങ്കം തുടങ്ങിയ ചിത്രങ്ങള്‍ സൂര്യക്ക് സൂപ്പര്‍ താരപദവി ചാര്‍ത്തിനല്‍കി. വിക്രമിനൊപ്പം അഭിനയിച്ച പിതാമകനിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹം നേടി. ചിത്രത്തിന്റെ വിജയത്തിനും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ സൂര്യയുടെ ആത്മവിശ്വാസവും അര്‍പ്പണബോധവും അദ്ദേഹത്തെ നടിപ്പിന്‍ നായകനാക്കി വളര്‍ത്തി. 2008ല്‍ പുറത്തിറങ്ങിയ ‘വാരണം ആയിരം’ എന്ന ചിത്രം അതുവരെയുണ്ടായിരുന്ന വിമര്‍ശകരെ പോലും നിശബ്ദമാക്കിയെന്ന് പറയാം. സൂര്യയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രവും വാരണം ആയിരം തന്നെയാണ്. വാരണം ആയിരത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ സൂര്യ സ്വന്തമാക്കി.

ഇന്ത്യയിലെ ആദ്യ ജെറ്റ് എയര്‍ലൈനായി അറിയപ്പെടുന്ന എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്ടന്‍ ജി.ആര്‍ ഗോപിനാഥിന്റെ ആത്മകഥ പറഞ്ഞ ‘സുരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെ അതിഗംഭീരമായ തിരിച്ചുവരവാണ് സൂര്യ നടത്തിയത്. നെടുമാരന്‍ എന്ന കഥാപാത്രമായി സൂര്യ നിറഞ്ഞാടുകയായിരുന്നു. ഒടിടി റിലീസായി എത്തിയ ചിത്രം ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. ഏറെക്കാലത്തിന് ശേഷം ഓസ്‌കര്‍ നോമിനേഷന് പോയ ചിത്രമായി സുരറൈ പോട്ര് മാറി. മിന്നും പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം 47-ാം ജന്മദിനത്തിന്റെ തലേന്ന് അദ്ദേഹത്തെ തേടിയെത്തി. സുരറൈ പോട്രിന് ശേഷം പുറത്തിറങ്ങിയ ജയ് ഭീം എന്ന ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. അവസാനം പുറത്തിറങ്ങിയ കമല്‍ ഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘വിക്ര’മിലെ സൂര്യയുടെ റോള്‍ ആരാധകരെ ഉള്‍പ്പെടെ അമ്പരപ്പിച്ചിരുന്നു. വില്ലന്‍ വേഷത്തിലെത്തിയ റോളക്‌സ് സാറിന്റെ ഹാങ് ഓവറിലാണ് ഇപ്പോഴും നടിപ്പിന്‍ നായകന്റെ ആരാധകര്‍.

Top