മുംബൈ: കാർഡ് ടോക്കണൈസേഷൻ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം. നാളെ മുതൽ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ നിലവിൽ വരും. ആർബിഐയുടെ പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. ഇതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും.
ജൂണിലാണ് ആർബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സമയപരിധി നീട്ടിയത്. നേരത്തെ ഇത് ജൂൺ 30 ആയിരുന്നു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി നൽകുകയായിരുന്നു. സെപ്റ്റംബർ 30 എന്നുള്ള അവസാന തിയ്യതി നീട്ടി നല്കാൻ ബാങ്കുകൾ ആർബിഐയോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആർബിഐ ഇതിനോട് പ്രതികരിച്ചിട്ടില്ല.
സുരക്ഷിതമല്ലാത്ത ഓൺലൈൻ ഇടപാടുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായും തട്ടിപ്പുകൾ തടയുന്നതിനായുമാണ് പുതിയ നിയമങ്ങൾ ആർബിഐ കൊണ്ടുവന്നത്. കാർഡ് നമ്പർ, സിവിവി, കാർഡിന്റെ കാലഹരണ തീയതി തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ പങ്കുവെക്കേണ്ടി വരില്ല. സാധാരണ ക്രെഡിറ്റ് കാർഡ് ഡാറ്റ നൽകുമ്പോൾ പേയ്‌മെന്റ് എളുപ്പത്തിനായി വ്യാപാരികൾ ഇത് ഡാറ്റാബേസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഡാറ്റ സൂക്ഷിക്കൽ സുരക്ഷിതമല്ല. വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ ഈ വിവരങ്ങൾ തെറ്റായി ഉപയോഗിച്ചേക്കാം. സുരക്ഷാ മുൻനിർത്തിയാണ് ആർബിഐ കാർഡ് ടോക്കണൈസേഷൻ അവതരിപ്പിച്ചത്.