‘ഇന്ന് അവര്‍ എന്റെ മകളെ ആക്രമിച്ചു, നാളെ അത് ഞാനാകാം’: ഐഷേ ഘോഷിന്റെ പിതാവ്

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രി മുഖംമൂടി ധാരികള്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐഷി ഘോഷിന്റെ പിതാവ്.

”ഇന്ന് അവര്‍ എന്റെ മകളെ ആക്രമിച്ചു, നാളെ അത് ഞാനാകാം, അല്ലെങ്കില്‍ മറ്റൊരാള്‍,” ഐഷേ ഘോഷിന്റെ പിതാവ് പറഞ്ഞു. ”സംഭവത്തിന് ശേഷം അവളോട് സംസാരിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അവിടെ ഉണ്ടായിരുന്നവരാണ് ആക്രമണമുണ്ടായി എന്ന് എന്നോട് പറഞ്ഞത്. അഞ്ചു തുന്നലുകളുണ്ട് അവളുടെ തലയില്‍. ഞങ്ങള്‍ വളരെയധികം ആശങ്കയിലാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മുഴുവന്‍ അവസ്ഥയും കലുഷിതമാണെന്നും ഇടതുപക്ഷക്കാര്‍ എല്ലാവരും പ്രതിരോധത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഷിയും ഇടതുപക്ഷ പ്രസ്ഥാനത്തൊടൊപ്പമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫീസ് വര്‍ദ്ധനയെക്കുറിച്ച് വിദ്യാര്‍ഥികളുമായി നേരിട്ട് സംസാരിക്കാത്തതിന്റെ പേരില്‍ ഐഷി ഘോഷിന്റെ അമ്മ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറിനെ വിമര്‍ശിച്ചു. ”വിസി രാജിവയ്ക്കണം. അദ്ദേഹം ഒന്നും ചെയ്യുന്നില്ല. അദ്ദേഹം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുന്നില്ല. നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഈ പ്രസ്ഥാനത്തില്‍ അവളോടൊപ്പം ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. എല്ലാവര്‍ക്കും പരുക്കേറ്റു.” ഐഷിയുടെ മാതാവ് പറഞ്ഞു. പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ ഒരിക്കലും മകളോട് ആവശ്യപ്പെടില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി 1185 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചാണ് ഐഷേ ജെ.എന്‍.യു സാരഥിയായി ചുമതലയേറ്റത്. 13 വര്‍ഷത്തിന് ശേഷം ഐഷിയിലൂടെയാണ് എസ്എഫ്ഐ ജെഎന്‍യു പിടിച്ചെടുക്കുന്നത്. പശ്ചിമബംഗാളിലെ ദുര്‍ഗാപൂര്‍ സ്വദേശിനിയാണ് ഐഷേ ഘോഷ്.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

എബിവിപി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Top