ഏകദിന ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ ബംഗ്ലാദേശിനെ നേരിടും

കദിന ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ ബംഗ്ലാദേശിനെ നേരിടും. സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്താന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.ബാറ്റിംഗില്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, അബ്ദുല്ല ഷഫീഖ് എന്നിവര്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രധാന പ്രശ്‌നമായി തുടരുന്നു. മറ്റ് ബാറ്റര്‍മാര്‍ സാഹചര്യത്തിനനുസരിച്ച് മുന്നേറേണ്ടതുണ്ട്. ഫീല്‍ഡിംഗും പാകിസ്താന്റെ ദുര്‍ബലമായ കണ്ണിയാണ്, ഇതിന് അടിയന്തിര പരിഹാരം ആവശ്യമാണ്. ടീമില്‍ നായകന്‍ ബാബര്‍ അസം മാറ്റങ്ങള്‍ വരുത്തിയേക്കും.

ബംഗ്ലാദേശും ഇതേ പ്രശ്‌നമാണ് നേരിടുന്നത്. ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ടീമില്‍ മഹ്‌മൂദുള്ളയും മുഷ്ഫിഖുര്‍ റഹീമും ഒഴികെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ആദ്യ മത്സരത്തില്‍ അഫ്ഗാനെ തോല്‍പ്പിച്ച കടുവകള്‍ക്ക് പിന്നീട് ജയിക്കാനായിട്ടില്ല. ആറില്‍ അഞ്ചും തോറ്റ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു.

ടൂര്‍ണമെന്റില്‍ ഇതുവരെ ഇരു ടീമുകളുടെയും പ്രകടനം വളരെ മോശമായിരുന്നു. തുടര്‍ച്ചയായി നാല് തോല്‍വികള്‍ ഏറ്റുവാങ്ങിയ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടമാണ്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് ഇന്ന് ജയിക്കണം. മറുവശത്ത് ബംഗ്ലാദേശിന് ഒന്നും നഷ്ടപ്പെടാനില്ല. അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീം പുറത്താക്കലിന്റെ വക്കിലാണ്. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ടീമിന്റെ ലക്ഷ്യം.

 

Top