ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്; സ്വപ്നയുടെ ആരോപണം ചർച്ചയായേക്കും

ന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്വപ്നയുടെ പുതിയ ആരോപണങ്ങളും അതിന്റെ പേരിലുള്ള വിവാ​ദങ്ങളും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ പുതിയ ആരോപണം .മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവർക്കെതിരെയാണ് സ്വപ്നയുടെ ഗുരുതര ആരോപണം. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ ഈ വെളിപ്പെടുത്തൽ.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. സ്വപ്നയുടെ പുതിയ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രി കെ.ടി. ജലീൽ എംഎൽഎ നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് സ്വപ്ന നൽകിയ ഹർജിയാണ് തള്ളിയത്.

ഉപതെരഞ്ഞെടുപ്പിലെ തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞിരുന്നു . ബൂത്ത് മുതൽ മണ്ഡലം കമ്മിറ്റി നൽകിയ ഫലവും യഥാർത്ഥ ഫലവും തമ്മിലുള്ള വ്യത്യാസം വലുതാണ്. 2500 വോട്ടിന് ജയിക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് സിപിഐഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിൻറെ തോൽവി എൽഡിഎഫിന് നേരിടേണ്ടിവന്നത്. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.

Top