ഏകദിന ലോകകപ്പില്‍ സ്ഥിരത ശീലമാക്കിയ രണ്ട് ടീമുകള്‍ ഇന്ന് ഏറ്റുമുട്ടുന്നു

പുനെ: ഏകദിന ലോകകപ്പില്‍ സ്ഥിരത ശീലമാക്കിയ രണ്ട് ടീമുകള്‍ ഇന്ന് ഏറ്റുമുട്ടുന്നു. ആറില്‍ അഞ്ച് മത്സരങ്ങള്‍ ജയിച്ച ദക്ഷിണാഫ്രിക്കയും നാലെണ്ണം ജയിച്ച ന്യുസീലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. വമ്പന്‍ ടീമുകളെ തകര്‍ത്തപ്പോള്‍ ടെസ്റ്റ് പദവിയില്ലാതെ വന്ന നെതര്‍ലന്‍ഡ്‌സിനോടാണ് ദക്ഷിണാഫ്രിക്ക തോറ്റത്. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ന്യുസീലന്‍ഡ് തോല്‍വി വഴങ്ങി. അതില്‍ 388 എന്ന വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നിട്ടും അഞ്ച് റണ്‍സിന് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ കിവിസിന്റെ തോല്‍വി.

മറുവശത്ത് കിവിസിന് രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് ഗുണം ചെയ്യുക. ക്രിക്കറ്റ് ലോകകപ്പില്‍ മറ്റു ടീമുകളേക്കാള്‍ വിജയങ്ങള്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ കിവിസിന് ഉണ്ട്. എങ്കിലും ആദ്യം ബാറ്റ് ചെയ്യുമ്പോഴും ന്യുസീലന്‍ഡ് മോശമാക്കില്ല. എന്തിനും പോന്ന താരങ്ങള്‍ ഇരുടീമിലുമുണ്ട്. ക്വന്‍ഡണ്‍ ഡി കോക്ക്, അയ്ഡാന്‍ മാക്രം, വാന്‍ ഡര്‍ ഡസ്സന്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കയുടെ വിസ്‌ഫോടന ബാറ്റിങ് നിര. എറിഞ്ഞിടാന്‍ മാക്രോ ജാന്‍സന്‍, കാസി?ഗോ റബാഡ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി എന്നിവരുമുണ്ട്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ് ദക്ഷിണാഫ്രിക്ക ചെയ്യാറുള്ളത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അഞ്ചിന് 428, ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏഴിന് 311, ഇംഗ്ലണ്ടിനെതിരെ ഏഴിന് 399, ബംഗ്ലാദേശിനെതിരെ അഞ്ചിന് 382 എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് നേടിയ സ്‌കോറുകള്‍. പക്ഷേ രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ നെതര്‍ലന്‍ഡ്‌സിന്റെ 245 റണ്‍സിനോട് ദക്ഷിണാഫ്രിക്കയ്ക്ക് മുട്ടിടിച്ചു. 45 റണ്‍സ് അകലെ ദക്ഷിണാഫ്രിക്ക തോറ്റു മടങ്ങി. പാകിസ്താന്റെ 270 റണ്‍സ് ഒറ്റ വിക്കറ്റ് ബാക്കിയാക്കിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

Top