ഹൈദരാബാദ്: ക്രിസ്തുമസ് അവധി ആഘോഷിക്കാനാനായി മൃഗശാലയിലെത്തിയ രണ്ടുവയസ്സുകാരന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ച് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് അപകടത്തില്‍ മരിച്ചത്.
ചൊവ്വാഴ്ചയായിരുന്നു ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ സംഭവം നടന്നത്. അവധിദിവസമായതിനാല്‍ മൃഗശാലയില്‍ നല്ല ജനത്തിരക്കായിരുന്നു. രണ്ടുവയസുകാരന്‍ കളിക്കുന്നതിനിടെ അതുവഴിയെത്തിയ ബാറ്ററി കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹരിയെ ബഹാദുര്‍പുര പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാഹനത്തിന് വേഗത കുറവായിരുന്നിട്ടും ഡ്രൈവര്‍ ബ്രേക്ക് ചവിട്ടാതിരുന്നത് സംശയകരമാണെന്നും ഇവര്‍ പറഞ്ഞു.
ഉച്ചയ്ക്ക് 2.30ന് ശേഷം ബാറ്ററി കാറുകള്‍ സര്‍വ്വീസ് നടത്തരുതെന്നാണ് മൃഗശാലയിലെ നിയമം. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്താണ് ബാറ്ററി വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം വന്‍ ജനതിരക്കുണ്ടായിട്ടും ബാറ്ററി വാഹനങ്ങള്‍ ഉച്ചയ്ക്കുശേഷവും സര്‍വ്വീസ് നടത്തിയിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്.