കുറവിലങ്ങാട് : പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം വലിയതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറവിലങ്ങാട് ചീമ്പനായിൽ സി.എ.തങ്കച്ചനെ (57) മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ നാടോടി സ്ത്രീ കൊലപ്പെടുത്തിയതാണെന്നു പൊലീസ് കണ്ടെത്തി. സ്റ്റാൻഡിനു സമീപം താൽക്കാലിക ഷെഡിൽ താമസിക്കുന്ന ഉഴവൂർ പുൽപാറ കരിമാക്കിൽ ബിന്ദു വിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
മാർക്കറ്റിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ സഹായി ആയി ജോലി ചെയ്തിരുന്ന തങ്കച്ചനെ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ബസ് സ്റ്റാൻഡിനു സമീപത്തെ ബാറിൽ നിന്നു മദ്യം വാങ്ങിയ തങ്കച്ചൻ ബിന്ദുവിനെ കൂട്ടി വലിയതോടിന്റെ കരയിലെത്തി മദ്യപിച്ചു.
വാക്കേറ്റം ഉണ്ടായപ്പോൾ തങ്കച്ചൻ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇതു തടയുന്നതിനു തടിക്കഷണം ഉപയോഗിച്ചു തങ്കച്ചന്റെ തലയ്ക്കടിച്ചു എന്നാണ് ബിന്ദു പൊലീസിൽ നൽകിയ മൊഴി. തുടർന്ന് തോട്ടിലേക്കു തള്ളിയിട്ടു.