മുംബൈ: ടോയ്ലറ്റ് പേപ്പറിന്റെ ‘റണ്‍ ആസ് സ്ലോ ആസ് യൂ കാന്‍’ ( RUN AS SLOW AS YOU CAN) എന്ന കലാപ്രദര്‍ശനത്തിന്റെ ഇന്ത്യയിലെ അരങ്ങേറ്റം ഒരുക്കി നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍. കള്‍ച്ചറല്‍ സെന്ററിന്റെ വിഷ്വല്‍ ആര്‍ട്ട് സ്‌പേസായ ആര്‍ട്ട് ഹൗസില്‍ ജൂലൈ 22 ശനിയാഴ്ച പ്രദര്‍ശനം ആരംഭിക്കും. ഒക്ടോബര്‍ 22 വരെ പ്രദര്‍ശനം തുടരും.
2010-ല്‍ മൗറിസിയോ കാറ്റെലാനും പിയര്‍പോളോ ഫെരാരിയും ചേര്‍ന്ന് സ്ഥാപിച്ച പ്രശസ്ത ഇറ്റാലിയന്‍ ക്രിയേറ്റീവ് സ്റ്റുഡിയോയുടെയും ദൃശ്യ അധിഷ്ഠിത മാസികയായ ‘ടോയ്ലെറ്റ് പേപ്പറി’ന്റെ നിര്‍മിതിയാണ് ഈ പ്രദര്‍ശനം. ട്രയാഡിക്കിന്റെ മഫാല്‍ഡ മില്ലിസും റോയ സാക്സും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്ത ടോയ്ലെറ്റ് പേപ്പറിന്റെ ഇന്ത്യയിലെ അരങ്ങേറ്റവും ഏറ്റവും വലിയ പ്രദര്‍ശനവുമാണ് നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കുന്നത്.
സര്‍റിയലിസ്റ്റ് സമീപനമുള്ള വാണിജ്യ ഫോട്ടോഗ്രാഫി അധിഷ്തിതമായ നിര്‍മിതിയാണ് ‘റണ്‍ ആസ് സ്ലോ ആസ് യൂ കാന്‍’. നാല് അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പ്രദര്‍ശനം അനുദിനം വികസിച്ചുവരുന്ന ഒരു വെര്‍ച്വല്‍ ലോകത്ത് മനുഷ്യരുടെ നിലനില്‍പ്പിനെയും ഇടപഴകലിനെയും വെല്ലുവിളിക്കുന്നു.
‘ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനും സമര്‍പ്പിതരായ ഒരു സ്ഥാപനം എന്ന നിലയില്‍ രസകരമായ ഈ ഷോ ആദ്യമായി നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ‘ – ഇഷ അംബാനി പറഞ്ഞു.
കലയെ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനുള്ള കള്‍ച്ചറല്‍ സെന്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി കലാ വിദ്യാര്‍ത്ഥികള്‍ക്കും ഏഴ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ആര്‍ട്ട് ഹൗസ്, കുട്ടികള്‍ക്കും കുടുംബത്തിനും പങ്കെടുക്കാവുന്ന ശില്‍പശാലകള്‍, ക്യൂറേറ്റഡ് വാക്ക് ത്രൂകള്‍, കലാകാരന്മാരുടെ സംവാദങ്ങള്‍, സ്‌ക്രീനിങ്ങുകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രതിവാര സലൂണുകള്‍ ഉള്‍പ്പെടെ, സര്‍ഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നതിനും കലകളില്‍ താല്‍പ്പര്യം വളര്‍ത്തുന്നതിനും രൂപകല്‍പ്പന ചെയ്തിട്ടുള്ള സന്ദര്‍ശക പ്രോഗ്രാമുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കുന്നു.
‘റണ്‍ ആസ് സ്ലോ ആസ് യൂ കാന്‍’ എന്ന ഷോ ക്യൂറേറ്റ് ചെയ്തത് മഫല്‍ഡ മില്ലിസ്, റോയ സാക്സ് എന്നിവരാണ്. എലിസബത്ത് ഈഡല്‍മാനാണ് എക്സിക്യൂട്ടീവ് പ്രൊഡക്ഷന്‍. ക്രിയേറ്റീവ് പ്രൊഡക്ഷന്‍ അന്റോണിയ ജോലെസ്. ബ്രിഗോലിന്‍ ബസേറ സ്റ്റുഡിയോയാണ് പ്രദര്‍ശനം രൂപകല്‍പ്പന ചെയ്തത്. പ്രൊജക്റ്റ് ഡയറക്ടര്‍ സെബാസ്റ്റ്യാനോ മാസ്ട്രോനിയും അക്കൗണ്ട് ഡയറക്ടര്‍ സ്റ്റെഫാനിയ ബിലിയാറ്റോയുമാണ്.