കൊറോണ; ഡയമണ്ട് പ്രിന്‍സസിലെ ഒരു യാത്രക്കാരന്‍ കൂടി മരിച്ചു

ടോക്കിയോ: കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജാപ്പനീസ് ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ ഒരു യാത്രക്കാരന്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ കപ്പലിലെ യാത്രക്കാരില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി.

എണ്‍പതിനു മുകളില്‍ പ്രായമുള്ള യാത്രക്കാരനാണ് മരിച്ചത്. ന്യൂമോണിയ മൂലമായിരുന്നു മരണം. കപ്പലിലെ യാത്രക്കാരില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ കപ്പലിലെ 691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ആയിരത്തോളം യാത്രക്കാരും ജീവനക്കാരും ഇപ്പോഴും കപ്പലില്‍ തുടരുകയാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി പറഞ്ഞു.

ഈ മാസം മൂന്നിനാണ് ജപ്പാന്‍ തീരത്ത് കപ്പല്‍ പിടിച്ചിട്ടത്. കഴിഞ്ഞ ദിവസം കപ്പലിലെ രണ്ട് യാത്രക്കാര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. 3711 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 1,000 പേരെ വിട്ടയച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇവരുടെ ശ്രവ പരിശോധനയില്‍ രോഗം ഇല്ലെന്ന് കണ്ടാണ് വിട്ടയച്ചത്.

ഓസ്ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുവന്ന് ക്വാറന്റ്‌റൈന്‍ സംവിധാനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

Top