ലണ്ടന്‍: ലിംഗ സമത്വം ഉറപ്പാക്കാന്‍ ഇത്തവണ ഒളിമ്പിക്സിനായി ബ്രിട്ടന്‍ എത്തുക രണ്ട് പതാകവാഹകരുമായി. ടോക്കിയോയില്‍ ഇത്തവണ ഒളിമ്പിക് ദീപം തെളിയുമ്പോള്‍ ബ്രിട്ടീഷ് പതാകയുമായി ഒരു വനിതയും പുരുഷനും സംഘത്തെ മുന്നില്‍ നിന്ന് നയിക്കും. ഒളിമ്പിക് ചരിത്രത്തില്‍ ഇതേവരെ മാര്‍ച്ച് പാസ്റ്റില്‍ ഒരു അത്ലറ്റ് മാത്രമാണ് പതാകയേന്തി ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മുന്നില്‍ നിന്നും നയിച്ചിട്ടുള്ളത്. ആ പതിവാണ് ഇത്തവണ മാറുന്നത്.
ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി ഒളിമ്പിക്സിന്റെ കെട്ടിലും മട്ടിലും വലിയ മാറ്റങ്ങളാണ് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇതേവരെ 26 പേരാണ് പതാകാ വാഹകരായി എത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് സ്ത്രീകള്‍. പുതിയ മാറ്റത്തോടെ ഈ മേഖലിയല്‍ ഉള്‍പ്പെടെ ലിഗസമത്വം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക് സംഘാടകര്‍.
ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി ദേശീയപതാകയേന്തിയത് മലയാളി അത്ലറ്റ് ഷൈനി വില്‍സണാണ്. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിലാണ് ഷൈനി വില്‍സണ്‍ ദേശീയ പാതകയുമായി അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റിനെ മുന്നില്‍ നിന്നും നയിച്ചത്.
പിന്നാലെ 2004ലെ ഏതെന്‍സ് ഒളിമ്പിക്സില്‍ അഞ്ചു ബോബി ജോര്‍ജും ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് വേദിയില്‍ ദേശീയപതാകയുമായി മാര്‍ച്ച് പാസ്റ്റിനെ മുന്നില്‍ നിന്നും നയിച്ചു. ഇത്തവണ ടോക്കിയോ ഒളിമ്പിക്സിന് ഒരുങ്ങുമ്പോള്‍ ബ്രിട്ടന് സമാനമായി ഇന്ത്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളും രണ്ട് പതാകവാഹകരുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.