ടോക്കിയോ :അതിശൈത്യത്തിന്റെ പിടിയിൽ ജപ്പാൻ. നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഞ്ഞു വീഴ്ചയാണ് ടോക്കിയോയിൽ അനുഭവപ്പെട്ടത്. ജനങ്ങൾ ഗതാഗത തടസം ഉണ്ടാക്കരുതെന്നും, സുരക്ഷിതമായി വീടിനുള്ളിൽ ഇരിക്കണമെന്നും അധികൃതർ അറിയിച്ചു.
ടോക്കിയോയിലെ 23 വാർഡുകളിൽ ജാപ്പനീസ് കാലാവസ്ഥാ ഏജൻസി കനത്ത മഞ്ഞ് വീഴ്ച വർധിക്കാൻ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാപ്പനീസ് ഗതാഗത മന്ത്രാലയം ജനങ്ങൾ വീടുകളിൽ താമസിക്കണമെന്നും പുറത്തുപോകാതിരിക്കണമെന്നും അടിയന്തിര പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
കനത്ത മഞ്ഞ് കാരണം ടോക്കിയോ ബേയിലെ റെയിൻബോ ബ്രിഡ്ജിൽ 50 കാറുകൾ കുടുങ്ങി. മഞ്ഞ് മൂലം ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ പാലം അടച്ചിടപ്പെട്ടിരിക്കുകയാണെന്ന് അധികൃതർ. ട്രെയിൻ സർവീസുകളും, വിമാന സർവീസുകളും ജപ്പാൻ താത്കാലികമായി നിർത്തിവെച്ചു.
ചൊവ്വാഴ്ച 10 മുതൽ 40 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ഏജൻസി പറയുന്നത്. ടോക്കിയോയിലെ 23 വാർഡുകളിൽ 5 മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും.