ടോക്യോ ഒളിമ്പിക്‌സ്; പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിയില്‍ അതിശക്തരായ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് തോല്‍വി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന്റെ ജയം. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്‌സ് ഹാട്രിക് നേടി. ഇനി ഇന്ത്യക്ക് വെങ്കലപ്പോരാട്ടം അവശേഷിക്കുന്നുണ്ട്.

റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തിനെ വിറപ്പിച്ച ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് നേടിയ മൂന്ന് ഗോളുകളാണ് ബെല്‍ജിയത്തിന് മേല്‍ക്കൈ നല്‍കിയത്. അവസാന ക്വാര്‍ട്ടറില്‍ ആക്രമണം അഴിച്ച് വിട്ട് ബെല്‍ജിയം നേടി പെനാള്‍ട്ടി കോര്‍ണറുകളും അതില്‍ നിന്നുണ്ടായ പെനാള്‍ട്ടി സ്‌ട്രോക്കുമാണ് രണ്ട് ഗോളുകളിലേക്ക് വഴിതെളിച്ചതും മത്സരം ഇന്ത്യയുടെ കൈകളില്‍ നിന്ന് മത്സരം തട്ടിയെടുത്തത്.

രണ്ടാം മിനുറ്റില്‍ ഫാനി ലുയ്‌പെര്‍ട്ട് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഇന്ത്യ ശക്തമായി തിരിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്. ഏഴാം മിനുറ്റില്‍ ഹര്‍മന്‍പ്രീതിലൂടെയും എട്ടാം മിനുറ്റില്‍ മന്ദീപിലൂടേയും ഇന്ത്യ ലീഡ് പിടിച്ചു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍2-2. അവസാന ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകളുമായി ബെല്‍ജിയം ഇന്ത്യയെ അനായാസം കീഴടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരട്ട ഗോളുമായി ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തെ 4-2ന് മുന്നിലെത്തിച്ചു. ഒടുവില്‍ ഡൊമിനിക്വേയും ലക്ഷ്യം കണ്ടതോടെ 5-2ന് ബെല്‍ജിയം വിജയിക്കുകയായിരുന്നു.

പുരുഷ ഹോക്കിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ബെല്‍ജിയം രണ്ടാം സ്ഥാനക്കാരുമാണ്. പൂള്‍ ബിയില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെല്‍ജിയം. ശക്തരായ ബെല്‍ജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്. മലയാളികള്‍ക്ക് അഭിമാനമായി പിആര്‍ ശ്രീജേഷും ഗോള്‍ വലയത്തിലുണ്ടായിരുന്നു.

Top