ടോക്യോ: ലോകമാകെ പടര്‍ന്ന കൊവിഡ് മഹാമാരിയുടെ ഹര്‍ഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു.
ഒളിംപിക്‌സിന്റെ ജന്‍മനാടായ ഗ്രീസ് ആണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത്. രണ്ടാമതായി അഭയാര്‍ത്ഥികളുടെ ടീം മാര്‍ച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
ഇനിയുളള ദിവസങ്ങളില്‍ കാഴ്ചയുടെ ആവേശപ്പൂരമൊരുക്കി 33 കായിക ഇനങ്ങളിലായി കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ 205 രാജ്യങ്ങളില്‍ നിന്നുള്ള 11200 കായിക താരങ്ങള്‍ തങ്ങളുടെ മികവിന്റെ മാറ്റുരക്കും. മഹാമാരിക്കാലത്ത് വേഗത്തിനും ഇയരത്തിനും കരുത്തിനുമൊപ്പം ഒരുമിച്ച് എന്നൊരു വാക്കുകൂടി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.