ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്ത്ത് പ്രീക്വാര്‍ട്ടറില്‍ തരുണ്‍ദീപ് റായ് പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്ത് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ്ക്ക് തോല്‍വി. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തില്‍ ഇസ്രയേലിന്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്‌കോറിനാണ് തരുണ്‍ദീപിന്റെ തോല്‍വി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാനം വരെ പോരടിച്ചാണ് തരുണ്‍ദീപ് പുറത്തായത്.

ആദ്യ റൗണ്ട് 24-28നു നഷ്ടപ്പെടുത്തിയ തരുണ്‍ദീപ് അടുത്ത റൗണ്ടില്‍ 27-26നു ജയിച്ചു. മൂന്നാം റൗണ്ട് 27-27 എന്ന നിലയില്‍ സമനില ആയി. അടുത്ത റൗണ്ടില്‍ 28-27 എന്ന സ്‌കോറിന് തരുണ്‍ദീപ് ജയം കുറിച്ചു. 27-28 എന്ന സ്‌കോറിന് ഇറ്റലി ഷാനി അഞ്ചാം റൗണ്ട് പിടിച്ചു. ഇതോടെ കളി ഷൂട്ട് ഓഫിലേക്ക് നീങ്ങി. ഷൂട്ട് ഓഫില്‍ 10-9 എന്ന സ്‌കോറിന് ഷാനി വിജയിക്കുകയായിരുന്നു.

ഇസ്രയേലില്‍ നിന്ന് ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ആദ്യ അമ്പെയ്ത്ത് താരമാണ് ഇറ്റലി ഷാനി. ആദ്യ റൗണ്ടില്‍ ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ ജപ്പാന്റെ മുടോ ഹിരോകിയെ കീഴടക്കിയ താരം മികച്ച പ്രകടനം തുടരുകയാണ്.

അതേസമയം, ടോക്യോ ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജപ്പെട്ടു. പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.

ഹന്ന മാര്‍ട്ടിന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഷോന മക്കാലിന്‍, ഗ്രേസ് ബാള്‍ഡ്‌സണ്‍ എന്നിവരും ബ്രിട്ടണു വേണ്ടി സ്‌കോര്‍ ചെയ്തു. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഷര്‍മിള ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു.

 

Top