ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി. ടോക്യോ പാരാലിമ്പിക്‌സ് ഹൈജമ്പില്‍ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി. 2.09 ഉയരം മറികടന്നാണ് നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹര്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു.
2009 മുതല്‍ പാരാ അത്‌ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രാമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്‌ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.
യുഎസ്എയുടെ റോഡറിക് ടൗണ്‍സെന്‍ഡ്, ഡാളസ് വൈസ് എന്നിവര്‍ യഥാക്രമം സ്വര്‍ണ്ണവും വെങ്കലവും നേടി. ടൗണ്‍സെന്‍ഡ് 2.15 മീറ്റര്‍ ചാടിയപ്പോള്‍ വൈസ് 2.06 മീറ്റര്‍ ഉയരം ചാടി. ഇന്ത്യയുടെ രാംപാല്‍ ചാഹര്‍ 1.94 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനത്തെത്തി.
പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. ടേബിള്‍ ടെന്നീസില്‍ വെള്ളിമെഡല്‍ നേടിയ ഭവിന്‍ ബെന്‍ പട്ടേലാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ നേടിത്തന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നിഷാദിന് ആശംസകള്‍ നേര്‍ന്നു.