ടോക്യോ പാരാലിമ്പിക്‌സ്; മാരിയപ്പന്‍ തങ്കവേലുവിന് വെള്ളി

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഹൈജമ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു വെള്ളി നേടി. ഇന്ത്യയുടെ തന്നെ ശരദ് കുമാര്‍ വെങ്കലം നേടി. നേരത്തെ ഷൂട്ടിംഗില്‍ സിംഗ്‌രാജ് അധാനയും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു.

സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി ഹൈജമ്പ് വെള്ളി സ്വന്തമാക്കിയത്. ഹൈജമ്പ് ടി42 വിഭാഗത്തില്‍ റിയോയില്‍ മാരിയപ്പന് പിന്നില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാര്‍ 1.83 മീറ്റര്‍ ഉയരം പിന്നിട്ടു.

ഇന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി. പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

Top