ആലപ്പുഴ : ആലപ്പുഴ ബൈപാസിലെ ടോള്‍പിരിവ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി. സംസ്ഥാനം ചെലവാക്കിയ തുക ടോളായി പിരിക്കേണ്ടതില്ലെന്നാണ് ദേശീയപാതാ അതോറിറ്റിയെ സര്‍ക്കാര്‍ അറിയിച്ചത്. അതേ സമയം ഈമാസം ഇരുപത്തെട്ടിന് തുറന്നുകൊടുക്കുന്ന ബൈപാസിലെ വഴിവിളക്കുകള്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
നൂറുകോടിക്ക് മുകളില്‍ ചെലവുവരുന്ന പാതകള്‍ക്ക് ടോള്‍ പിരിക്കണം എന്നതാണ് കേന്ദ്രനയം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 172 കോടി രൂപ വീതം മുടക്കിയാണ് ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബൈപാസിലെ ടോളൊഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ടോള്‍പിരിവ് തുടങ്ങുന്നത് നീട്ടിവെക്കണമെങ്കില്‍ രേഖാമൂലം അറിയിക്കണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു.