ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി 20 ലീഗില്‍ നാല് മത്സരങ്ങളില്‍ വിലക്ക് നേരിട്ട് ടോം കറന്‍

സിഡ്നി: ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി 20 ലീഗില്‍ നാല് മത്സരങ്ങളില്‍ വിലക്ക് നേരിട്ട് ഇംഗ്ലീഷ് പേസര്‍ ടോം കറന്‍. സിഡ്നി സിക്സേഴ്സിനായി കളിക്കുന്ന ടോം കറന്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് അംപയറെ തടസപ്പെടുത്തി പിച്ചിലൂടെ ഓടാന്‍ ശ്രമിച്ചതിനാണ് കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. അതേസമയം ടോമിനെതിരായ ശിക്ഷയില്‍ സിഡ്‌നി സിക്‌സേഴ്സ് അപ്പീല്‍ നല്‍കും. അംപയറുടെ നിര്‍ദേശങ്ങള്‍ മറികടന്ന് ടോം കറന്‍ പിച്ചിലൂടെ ഓടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ടോം കറന് നാല് കളികളില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിഡ്നി സിക്സേഴ്സ് വ്യക്തമാക്കി. ടോം കറന്‍ മത്സര ഒഫീഷ്യലിനെ മനപ്പൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചില്ല എന്നാണ് സിക്‌സേഴ്സിന്റെ വാദം. ടോമിന് എല്ലാ പിന്തുണയും നല്‍കുന്നതായും താരത്തെ വിലക്ക് മാറ്റി എത്രയും വേഗം മൈതാനത്ത് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നു സിഡ്നി സിക്‌സേഴ്സ് വ്യക്തമാക്കി. എന്നാല്‍ ടോം അംപയറുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ് എന്നതിനാല്‍ ശിക്ഷ ഒഴിവാക്കാനുള്ള സാധ്യത വിരളമാണ്.

സിഡ്നി സിക്സേഴ്സും ഹൊബാര്‍ട്ട് ഹറികെയ്ന്‍സും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വിവാദ സംഭവം. മത്സരത്തിന് മുമ്പുള്ള വാംഅപ് പരിശീലനത്തിനിടെ പിച്ചിലൂടെ റണ്ണപ്പിനായിരുന്നു ടോം കറന്റെ ശ്രമം. പിച്ചില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ടോമിനെ പിന്തിരിപ്പിക്കാന്‍ നാലാം അംപയര്‍ ശ്രമിച്ചെങ്കിലും താരം പിന്‍മാറിയില്ല. ടോം കറനുമായി അംപയര്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഇതേത്തുടര്‍ന്ന് ബിഗ് ബാഷ് നിയമത്തിലെ ശിക്ഷാവകുപ്പ് 2.17 അനുസരിച്ച് ടോം കറന്‍ കുറ്റക്കാരനാണ് എന്ന് മാച്ച് റഫറി ബോബ് പാറി വിധിക്കുകയായിരുന്നു. അംപയര്‍മാരെ തടസപ്പെടുത്തുന്നതും അസഭ്യം പറയുന്നതും അടക്കമുള്ള കുറ്റങ്ങളാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുന്നത്. ഇതോടെ സിഡ്‌നി സിക്‌സേഴ്സിന്റെ വരുന്ന നാല് മത്സരങ്ങള്‍ ടോമിന് കളിക്കാനാവില്ല.

Top