കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസ് വിജിലന്‍സിനെതിരെ പരാതിയുമായി രംഗത്ത്.
തനിക്ക് അനധികൃത സ്വത്ത് ഉണ്ടെന്ന കണ്ടെത്തല്‍ തെറ്റാണെന്നും തന്നെ ദ്രോഹിക്കാന്‍ ശ്രമം നടക്കുകയാണെന്നും ടോംജോസ് വ്യക്തമാക്കി.
വിജിലന്‍സിനെതിരെ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ആഭ്യന്തര സെക്രട്ടറി പരിശോധിച്ച് തള്ളിയ ആരോപണങ്ങളാണ് ഇപ്പോള്‍ വീണ്ടും പരിശോധിക്കുന്നത്. വ്യക്തിവിരോധം തീര്‍ക്കാനാണ് വിജിലന്‍സിന്റെ ശ്രമം. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നീക്കം നടക്കുന്നുണ്ട്. മുതിര്‍ന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരായ കെ.എം എബ്രഹാമിനും ശങ്കര്‍ റെഡ്ഡിക്കും എതിരായുളള നടപടികള്‍ ഇതിന് ഉദാഹരണമാണ്. തനിക്ക് നീതികിട്ടണമെന്നും തുടര്‍ന്നുളള തേജോവധം ഒഴിവാക്കണമെന്നും ടോം ജോസ് പരാതിയില്‍ ആവശ്യപ്പെടുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരായ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറും എന്നായിരുന്നു നേരത്തെ വിജിലന്‍സ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ നിന്ന് ലഭ്യമായ രേഖകളുടെ പരിശോധന തുടരുന്ന സാഹചര്യത്തില്‍ ഇത് മാറ്റിവെച്ചിരുന്നു.