തിരുവനന്തപുരം: വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. ചവറ കെ.എം.എം.എല്‍ മഗ്‌നീഷ്യം ഇടപാടില്‍ തനിക്കെതിരായ വിജിലന്‍സ് കേസ് വസ്തുതകള്‍ വളച്ചൊടിച്ചതിന്റെ ഫലമാണെന്നാണ് ടോം ജോസ് ആരോപിച്ചു. നിയമം വളച്ചൊടിച്ച് ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ചവറ കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാടില്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ ടെന്‍ഡര്‍ നടപടിച്ചട്ടങ്ങള്‍ പരിഗണിക്കാതെയാണ് കേസെടുത്തിട്ടുള്ളത്. താന്‍ മാനേജിങ് ഡയറക്ടര്‍ ആയിരിക്കേ മഗ്‌നീഷ്യം വാങ്ങിയിട്ടില്ല. താന്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം കെ.എം.എം.എല്‍ എംഡിയായ മൈക്കല്‍ വേദ ശിരോമണിയാണ് ഗ്ലോബല്‍ ടെന്‍ഡറിലെ ഏറ്റവും കുറഞ്ഞ നിരക്കിനു മഗ്‌നീഷ്യം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്തടിസ്ഥാനത്തിലാണെന്നും ടോം ജോസ് ചോദിച്ചു.
ചട്ടപ്രകാരമുള്ള തീരുമാനത്തെ അഴിമതിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ നിയമങ്ങള്‍ വളച്ചൊടിക്കാനും ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനുമാണ് വിജിലന്‍സിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.