തിരുവനന്തപുരം: യെമനില്‍നിന്നു തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അടുത്ത പ്രാവശ്യം പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കെ.എം. മാണി എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി അയക്കുന്ന ക്യാമ്പയിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. ഇതിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബിവയലില്‍ നേതൃത്വം നല്‍കുന്ന ഇ മെയില്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ കെ എന്‍ കുറുപ്പും സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളും കഴിഞ്ഞ ദിവസമാണ് നിര്‍വ്വഹിച്ചത്.
ഇതിനോടനുബന്ധിച്ചുള്ള ഹാഷ് ടാഗ് പ്രചരണത്തിന്റെ ഉദ്ഘാടനവും നടന്‍ കുഞ്ചാക്കോ ബോബന്‍ നിര്‍വ്വഹിക്കുകയുണ്ടായി.
ഫാദര്‍ ഉഴുന്നാലിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളിലും പ്രാര്‍ത്ഥനകളിലും തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഹാഷ് ടാഗ് പ്രചരണ ഉദ്ഘാടനം ചെയ്ത് ചാക്കോച്ചന്‍ പറഞ്ഞിരുന്നു.
ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഇന്ത്യക്ക് നേരിട്ട് കഴിയുന്നില്ലെങ്കില്‍ യെമനുമായി ഇടപെടാന്‍ കഴിയുന്ന രാജ്യങ്ങളുടെ സഹായം അടിയന്തരമായി തേടണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.