tom-uzhunnalils-release-sushama-swaraj’s statement

ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചന വിഷയത്തില്‍ ഇടപെടുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

മോചനത്തിനായി ഇതുവരെ സര്‍ക്കാര്‍ എല്ലാ വഴിയും തേടിയിട്ടുണ്ട്. ടോം ഉഴുന്നാലിലിന്റെ വീഡിയോ കണ്ടതായി പറഞ്ഞ സുഷമ എല്ലാ ഇന്ത്യക്കാരുടെ ജീവനും സര്‍ക്കാരിന് പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നത്. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നും പ്രധാനമന്ത്രിയും രാഷ്ട്രപതിയും കേന്ദ്രസര്‍ക്കാരും തന്റെ മോചനത്തിനു വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന സന്ദേശത്തില്‍ ഫാ. ടോം അഭ്യര്‍ഥിച്ചു.

മോചനത്തിനായി യാചിക്കുന്ന സന്ദേശത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മെത്രാന്മാരുടെയും അടക്കം സഭാധികൃതരുടെ ഇടപെടലുകളും ഫാ. ടോം അഭ്യര്‍ഥിക്കുന്നുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വീഡിയോയിലേതുപോലെ താടിരോമങ്ങള്‍ വളര്‍ത്തിയ നിലയില്‍ അവശനായ ഫാ. ടോമിന്റെ മുഖമാണു പുതിയ വീഡിയോയിലുമുള്ളത്.

ആറു മാസത്തിനുശേഷം പുറത്തുവന്ന വീഡിയോയിലും ഫാ. ടോമിന്റെ മുഖത്തിനോ താടിരോമങ്ങള്‍ക്കോ കാര്യമായ വ്യത്യാസമില്ല. അവശനെങ്കിലും പിന്നില്‍ ഒരു കര്‍ട്ടനുള്ള വീഡിയോയിലെ ചിത്രത്തിനും ശബ്ദത്തിനും കൂടുതല്‍ വ്യക്തതയുണ്ട്.

Top