കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടി മാറ്റ പ്രഖ്യാപനം ടോം വടക്കന്‍ നടത്തിയത്. എഐസിസി സെക്രട്ടറിയായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ടോം വടക്കന്‍ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കികൊണ്ടിരിക്കുകയാണെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നാരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിടുന്നത്. പുല്‍വാമ വിഷയത്തിലടക്കം കോണ്‍ഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കന്‍ പറയുന്നത്

കോണ്‍ഗ്രസിനുള്ളത് ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണെന്ന് ടോം വടക്കന്‍ ആരോപിച്ചു. മോദിയുടെ വികസന നിലപാടുകളില്‍ ആകൃഷ്ടനാണ് താനെന്ന് പറഞ്ഞ ടോം വടക്കന്‍ അംഗത്വം അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദിയും അറിയിച്ചു.

Top