തിരുവനന്തപുരം : ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയായിരുന്നു ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലന്ന തീരുമാനം.
വിപ്ലവകരമായ ഈ തീരുമാനത്തെ വകുപ്പ് മന്ത്രി തന്നെ എതിര്‍ത്തതോടെ നടക്കാതെ പോയി. ഈ സംഭവം ദേശീയ തലത്തിലും അന്ന് വലിയ വാര്‍ത്തയായിരുന്നു. മന്ത്രി റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയെങ്കിലും വലിയ ഒരു വിഭാഗത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ മുതിര്‍ന്ന ഐ.പി.എസ് ഓഫീസറായ തച്ചങ്കരിക്ക് ലഭിച്ചിരുന്നു.
കേരള ഗതാഗതവകുപ്പ് തിരസ്‌ക്കരിച്ച ഈ പദ്ധതി ഇപ്പോള്‍ നോയിഡ ജില്ലാ ഭരണകൂടം നടപ്പാക്കിയിരിക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ ഹെല്‍മറ്റില്ലങ്കില്‍ പമ്പില്‍ നിന്നും പെട്രോളുമില്ലന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ ബ്രജേഷ് നരേന്‍ സിങ് വ്യക്തമാക്കി കഴിഞ്ഞു.
റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ രണ്ട് സിറ്റികളിലാണ് ഉത്തരവ് നടപ്പാക്കേണ്ടത്, പിന്നീട് ഗൗതം ബുദ്ധ് നഗറിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലും ഉത്തരവ് നടപ്പാക്കുമെന്ന് പമ്പുടമകള്‍ പങ്കെടുത്ത പ്രത്യേക യോഗത്തില്‍ ജില്ലാ കലക്ടര്‍ ബ്രജേഷ് പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവരോട് ഇനി ഹെല്‍മറ്റുണ്ടെങ്കില്‍ മാത്രമേ ഇന്ധനം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നേയിഡയിലും ഉത്തരവ് നടപ്പാക്കുമെന്നും സുരജ്പൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ബ്രജേഷ് നരേന്‍ സിങ് വ്യക്തമാക്കി.
ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്പിലെ സിസിടിവി വഴി വാഹന നമ്പര്‍ ശേഖരിച്ച് ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെട്രോള്‍ നല്‍കാതെ വരുമ്പോള്‍ പമ്പ് ജീവനക്കാരോട് മോശമായി പെരുമാറുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പദ്ധതി പിഴവുകൂടാതെ നടപ്പാക്കാന്‍ എല്ലാ പമ്പുകളിലും മികച്ച നിലവാരത്തിലുള്ള സിസി ടിവി ക്യാമറ സ്ഥാപിക്കാനും അധികൃതര്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ നടപടികള്‍ എല്ലാവരിലേക്കും എത്തിച്ച് പദ്ധതിക്ക് വ്യാപക പ്രചാരം നല്‍കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോവുകയാണ്.