തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെയും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനേയും പരോക്ഷമായി വിമര്‍ശിച്ച് എഡിജിപി തച്ചങ്കരി.
വീട്ടില്‍ പറയാനുള്ളത് വഴിയില്‍ പറയരുതെന്നും. പൊതു ചര്‍ച്ച നടത്തി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തരുതെന്നും തച്ചങ്കരി മുന്നറിയിപ്പ് നല്‍കി. സൗഭാഗ്യങ്ങള്‍ ആസ്വദിച്ചശേഷം പൊലീസ് സേനയെ തള്ളിപ്പറയുന്നത് ശരിയല്ലന്നും അദ്ദേഹം തുറന്നടിച്ചു.
മനോരോഗം എന്നാല്‍, ഭ്രാന്ത് മാത്രമല്ല, ചിന്താഗതിയിലെ അപചയവും മനോരോഗമാണ്. പൊലീസിന് വേണ്ടത് സന്തുലിത മനസുള്ളവരെയാണ്. കയ്യടിക്കുവേണ്ടി വിപ്ലവമുണ്ടാക്കുന്നവര്‍ പോയിക്കഴിഞ്ഞാല്‍ വിപ്ലവവും പോകുവെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി.
തോന്നുമ്പോഴെല്ലാം കാര്‍ഡുയര്‍ത്തുന്ന റഫറിമാരെക്കൊണ്ട് ഉപദ്രവമേയുള്ളു. കേരള പൊലീസ് ഒരു വ്യക്തിയല്ല സംഘമാണെന്നും തച്ചങ്കരി പറഞ്ഞു. തനിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.
തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനത്തെ വിമര്‍ശിച്ച് ടിപി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് തച്ചങ്കരിയുടെ പ്രതികരണം.
തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ്, തച്ചങ്കരിയുടെ നിയമനം ന്യൂറോ സര്‍ജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയത് പോലെയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.