ഭരണസമിതി പുനസംഘടന; ടോമിന്‍ തച്ചങ്കരിയെ പുറത്താക്കാന്‍ നീക്കം. .

തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റാന്‍ നീക്കം ശക്തമാകുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ നവീകരണം നടപ്പിലാക്കാര്‍ ഒരുങ്ങുന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ടാണ് തച്ചങ്കരിയ്ക്ക് വിനയാകുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിന് മാനേജ്‌മെന്റ് വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നാണ് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എന്നാല്‍ നിലവില്‍ മാനേജ്മെന്റ് വൈദഗ്ധ്യം ഇല്ലാത്ത അനൗദ്യോഗിക അംഗങ്ങളാണ് കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് തുടരുന്നത്. ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്നു യൂണിയനുകളുടെ അംഗങ്ങളും അനൗദ്യോഗിക അംഗങ്ങളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇവരെ ഒഴിവാക്കി വൈദഗ്ധ്യം ഉള്ളവരെ കൊണ്ടുവരണമെന്നും ഭരണ സമിതി പുന:സംഘടിപ്പിക്കണം എന്നുമാണ് തച്ചങ്കരി ഉന്നയിക്കുന്ന ആവശ്യം. ഇതാണ് സ്ഥാനം തെറിപ്പിക്കാനുള്ള നടപടികളിലേയ്ക്ക് ഒരു വിഭാഗത്തെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

മുന്‍ എംഡിമാരായ എം.ജി രാജമാണിക്യം, എഡിജിപി ഹേമചന്ദ്രന്‍ എന്നിവര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഭരണസമിതി പുനസംഘടന മാത്രം നടപ്പായില്ല. തച്ചങ്കരിയും ഇതേ നിലപാട് എടുത്തതോടെ ഒരു വിഭാഗം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി കഴിഞ്ഞു.

അതേസമയം, ഭരണത്തില്‍ എംഡിയെ സഹായിക്കുകയാണ് ഭരണ നിര്‍വ്വാഹക സമിതിയുടെ കര്‍ത്തവ്യമെന്ന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നവരെ ഉള്‍പ്പെടുത്തി ഉപദേശക സമിതി രൂപീകരിക്കാം. ഉപദേശക സമിതിയുടെ കടമകള്‍ വിവരിച്ച് സര്‍ക്കാരിന് ഉത്തരവിറക്കുകയും ചെയ്യാം.

നിലവില്‍ 17 അംഗ ഭരണ സമിതിയില്‍ 9 ഔദ്യോഗിക അംഗങ്ങളും 8 അനൗദ്യോഗിക അംഗങ്ങളും ആണ് ഉള്ളത്. അനൗദ്യോഗിക അംഗങ്ങളാണ് ഭരണ സമിതിയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്ന തെന്നും പരസ്യമായി ചിലര്‍ സമ്മതിക്കുന്നു

Top