തിരുവനന്തപുരം: ടോമിൻ തച്ചങ്കരി അങ്ങനെയാണ്, ഏത് മേഖലയിൽ അദ്ദേഹത്തെ പ്രതിഷ്‌ഠിച്ചാലും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനാകും. തച്ചങ്കരി കെ.എസ്.ആർ.ടി.സി എം.ഡി ആയിരുന്ന കാലത്തെ അവസ്ഥയും, അതിന് തൊട്ടു മുൻപുള്ള അവസ്ഥയും അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള അവസ്ഥയും കൂടി താരതമ്യപ്പെടുത്തിയാൽ തച്ചങ്കരിയുടെ മഹാത്മ്യം മനസ്സിലാകും. ചില തൊഴിലാളി സംഘടനകളുടെ സമ്മർദ്ദം മൂലമാണ് സർക്കാർ കെ.എസ്.ആർ.ടിസിയിൽ നിന്നും തച്ചങ്കരിയെ മാറ്റിയിരുന്നത്. അത് വലിയ അബദ്ധമായെന്ന് ഇപ്പോൾ സർക്കാറിനും ബോധ്യമായിട്ടുണ്ട്. വളരെ പരിതാപകരമാണ് കെ.എസ്.ആർ.ടി.സിയുടെ നിലവിലെ അവസ്ഥ.
കോവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ ഈ പ്രതിസന്ധി കെ.എസ്.ആർ.ടി.സിയിൽ രൂക്ഷമായിരുന്നു. കോവിഡ് കൂടി വന്നതോടെ നഷ്ടക്കണക്ക് തിട്ടപ്പെടുത്താൻ പോലും കഴിയുന്നതല്ല. ഏത് സ്ഥാനം ഏറ്റെടുത്താലും തന്റേതായ രൂപത്തിൽ എന്തെങ്കിലും ദൗത്യം ആ മേഖലയിൽ ഏറ്റെടുക്കുന്നയാളാണ് തച്ചങ്കരി. ക്രൈംബ്രാഞ്ചിൽ കെട്ടിക്കിടക്കുന്ന കേസുകളിലെ അന്വേഷണം വേഗത്തിലാക്കാൻ അദ്ദേഹം എടുത്ത തീരുമാനവും ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ചിലുണ്ടായിരുന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നതും തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരുന്നതിന് ശേഷമാണ്. ഡി.ജി.പി പദവിയിലേക്ക് ഉയർത്തപ്പെട്ടതോടെയാണ് ക്രൈംബ്രാഞ്ചിനോട് തച്ചങ്കരി ഗുഡ് ബൈ പറഞ്ഞത്. പുതിയ ദൗത്യം അദ്ദേഹത്തിന് സർക്കാർ നൽകിയത് ധനകാര്യ സ്ഥാപനമായ കെ.എഫ്.സി യിലാണ്. ഇവിടെയും ശരവേഗത്തിലുള്ള ഇടപെടലുകളാണ് തച്ചങ്കരി നടത്തി വരുന്നത്. സർക്കാറിനെ പോലും അത്ഭുതപ്പെടുത്തിയ വേഗമാണിത്.
മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി പ്രകാരം അനുവദിച്ച 355 വായ്പകൾ ഉൾപ്പെടെ, സെപ്റ്റംബറിൽ മാത്രം 1048.63 കോടി രൂപയുടെ വായ്പയാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ അനുവദിച്ചിരിക്കുന്നത്. കോർപറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കോവിഡ് പ്രതിസന്ധി മൂലം മറ്റു ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാൻ മടിക്കുമ്പോഴാണ് കെഎഫ്‌സിയുടെ ഈ മിന്നുന്ന പ്രകടനമെന്നതും ശ്രദ്ധേയമാണ്.
ജൂലൈ 27നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിക്കു കീഴിൽ 355 വായ്പകളിലായി 45 കോടിയാണ് അനുവദിച്ചിരിക്കുന്നത്. 40,000 മുതൽ 50 ലക്ഷം വരെയുള്ള ഈ വായ്പകൾ സർക്കാർ സബ്സിഡിയോടുകൂടി 7% പലിശ നിരക്കിലാണ് നൽകി വരുന്നത്. സിവിൽ സപ്ലൈസ് കോർപറേഷനിലെ സപ്ലൈർമാർക്കു 110 കോടി, ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിനു 500 കോടി, മറ്റ് ലോണുകളിലായി 95 കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. ഈവർഷം കോവിഡ് സഹായമായി 390 യൂണിറ്റുകൾക്ക് 230 കോടിയും പ്രത്യേകമായി നൽകിയിട്ടുണ്ട്.
ഇതോടെ അർധവാർഷിക വായ്പ അനുമതിയിൽ, കോർപറേഷൻ ഉദ്ദേശിച്ചതിലും മുന്നിലെത്തി കഴിഞ്ഞിട്ടുണ്ട്. 1450 കോടിയാണ് ഇതുവരെ നൽകിയിരിക്കുന്നത്. പ്രതിവർഷം 1000 എണ്ണം എന്ന ലക്ഷ്യവുമായി തുടങ്ങിയ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ, ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ 356 വായ്പകളാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ ചെറുതും വലുതുമായ എല്ലാവിധ വ്യവസായിക വായ്പകളും നൽകാൻ കോർപറേഷൻ സജ്ജമാണെന്ന് കെഎഫ്‌സി എംഡി ടോമിൻ ജെ.തച്ചങ്കരി പറയുമ്പോൾ അന്തംവിട്ടിരിക്കുന്നത് ജനങ്ങളാണ്. ഈ സ്ഥാപനം ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് അത്ഭുതപ്പെടുന്നവരാണ് ഇതിൽ അധികവും.