തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഒരു താല്‍ക്കാലിക ജോലിയല്ലെന്നും കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുമെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് പ്രകാരം പുതിയതായി ജോയിന്‍ ചെയ്യാനെത്തിയ ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിയില്‍ ബോണ്ട് ഏര്‍പ്പെടുത്തുകയണെന്നും വേറെ സ്ഥലത്ത് നിയമനം കിട്ടിയവരുണ്ടെങ്കില്‍ പോകണമെന്ന് പറഞ്ഞാല്‍ റിലീവ് ഓര്‍ഡര്‍ തരില്ലെന്നും തച്ചങ്കരി മുന്നറിയിപ്പ് നല്‍കി. ഇതൊരു താല്‍ക്കാലിക സത്രമായി കരുതുന്നവര്‍ ദൈവത്തെയോര്‍ത്ത് ഇങ്ങോട്ട് വരരുത്. കുറഞ്ഞത് മൂന്ന് വര്‍ഷം ജോലി ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം ഇവിടെ ജോലി ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി. എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താത്കാലിക ലൈസന്‍സ് നല്‍കുകയെന്നും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗാമായാണ് നടപടിയെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.