തച്ചങ്കരി തലപ്പത്ത് ഇരുന്നാല്‍ കണ്ടക്ടറും ‘പൊലീസാകും’ ജാഗ്രത!

thachankari-balakrishnan

പൊലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിച്ചു കൊണ്ടുപോകാന്‍ ധൈര്യം കാണിച്ച എം.എല്‍.എ ഒരു കണ്ടക്ടറുടെ ചങ്കുറപ്പിനു മുന്നില്‍ അടിയറവ് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യണമെന്ന സുല്‍ത്താന്‍ബത്തേരി എം.എല്‍.എയും യുഡിഎഫ് നേതാവുമായ ഐ.സി ബാലകൃഷ്ണന്റെ വാശിയാണ് കണ്ടക്ടര്‍ പൊളിച്ചത്.

എറണാകുളം-തിരുവനന്തപുരം ലോ ഫ്ലോർ എ.സി ബസില്‍ കയറി ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച എം.എല്‍.എയോട് ടിക്കറ്റ് എടുക്കണമെന്ന നിലപാടില്‍ കണ്ടക്ടര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

എം.എല്‍.എമാര്‍ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് വാദിച്ച സ്‌പോട്ടില്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയെ വിളിച്ച ബാലകൃഷ്ണനോട് ടിക്കറ്റ് എടുക്കാനാണ് എം.ഡി പറഞ്ഞത്. കൊടുക്കാന്‍ നിര്‍വ്വാഹമില്ലെങ്കില്‍ താന്‍ കൊടുത്തോളാം എന്ന് തച്ചങ്കരി പറഞ്ഞതോടെ എം.എല്‍.എ ടിക്കറ്റ് എടുക്കാന്‍ നിര്‍ബന്ധിതനായി.

ksrtc

കെ.എസ്.ആര്‍.ടി.സിയെ ലാഭകരമാക്കാന്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്ന ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി ഇപ്പോള്‍ ജീവനക്കാരും നടപ്പാക്കി കൊണ്ടിരിക്കുന്നതാണ് എം.എല്‍.എയ്ക്ക് വിനയായത്. അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ എം.എല്‍.എ കയറിയത് തന്നെ പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഈ എംഎല്‍എ മുമ്പും വിവാദ നായകനായിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തിയ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഇത് സംബന്ധമായി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയും ചെയ്തിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ പൊലീസ് എം എല്‍എയോട് തട്ടിക്കയറുകയും അദ്ദേഹത്തിന്റെ വാഹനം പരിശോധിക്കുകയും ചെയ്തതെന്നായിരുന്നു ആക്ഷേപം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്‍പ്പറ്റയില്‍ പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കളെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടുപോയും ബാലകൃഷ്ണന്‍ എം.എല്‍.എ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ തദ്ദേശ സ്വയംഭരണ വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അബ്ദുള്‍ സലീമിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ അറസ്റ്റിലായിരുന്നത്. ഇവരെയാണ് എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയ സംഘം ബലമായി മോചിപ്പിച്ചിരുന്നത്. ഈ വീരശൂരപരാക്രമം പക്ഷേ തച്ചങ്കരിയുടെ കീഴിലുള്ള ജീവനക്കാരന്റെ അടുത്ത് ചിലവായില്ലെന്ന് മാത്രം

അതേസമയം സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ടോമിന്‍ ജെ തച്ചങ്കരിയെ കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റി. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

Top