Tomin J Thachankary’S APOLOGY

കോഴിക്കോട്: തന്റെ ജന്മദിനം ഗതാഗത വകുപ്പിന്റെ ഓഫീസുകളില്‍ മധുരം നല്‍കി ആഘോഷിച്ച സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഖേദം പ്രകടിപ്പിച്ചു.

ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കെടുത്ത, മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന ‘നേര്‍വഴി’ എന്ന പരിപാടിയില്‍ വച്ചായിരുന്നു തച്ചങ്കരിയുടെ ഖേദപ്രകടനം. തച്ചങ്കരിയുടെ ഖേദപ്രകടനത്തിന് പിന്നാലെ മന്ത്രി വേദി വിടുകയും ചെയ്തു.

താന്‍ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും മനസിലായില്ലെന്ന് തച്ചങ്കരി പറഞ്ഞു. എങ്കിലും ഖേദം പ്രകടിപ്പിക്കുകയാണ്.

കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. സ്വന്തം കൈയില്‍ നിന്ന് കാശു മുടക്കി ആളുകള്‍ക്ക് മിഠായി വാങ്ങിക്കൊടുക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല.

പ്രവര്‍ത്തന രീതിയില്‍ മാറ്റം വേണമെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു രീതി അവലംബിച്ചത്. നല്ല ഉദ്ദേശത്തോടെയാണ് തന്റെ കീഴ്ജീവനക്കാര്‍ക്ക് മധുരം നല്‍കിയത്.

അത് കേരളത്തിന്റെ മണ്ണില്‍ ഏറ്റില്ല. തന്റെ നടപടി തെറ്റായിരുന്നെന്ന് ഗതാഗത മന്ത്രി പറഞ്ഞതായും തച്ചങ്കരി അറിയിച്ചു.

ജനങ്ങളോട് ഏറ്റുമുട്ടിയല്ല ഹെല്‍മറ്റ് നിയമം നടപ്പാക്കേണ്ടതെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ജനകീയ പങ്കാളിത്തത്തോടെ നിയമം നടപ്പാക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

അധികാരം ഉപയോഗിച്ച് നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ബോധവത്കരണത്തിലൂടെയാവണം ഹെല്‍മറ്റ് നിര്‍ബന്ധമാക്കേണ്ടെതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

.

Top