തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിന്റെ സത്യാവസ്ഥ വൈകാതെ തെളിയുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. ആശ്രമത്തില്‍ പരിശോധന നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കാട്ടി സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്ക് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നത്. ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തില്‍ ആക്രമണം നടന്നത്.
ആക്രമണത്തില്‍ ആശ്രമത്തിന്റെ പോര്‍ച്ചും രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചിരുന്നു. കൂടാതെ ആശ്രമത്തിന് മുന്നില്‍ റീത്തും വെച്ചിരുന്നു. ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.