തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മാസ് മറുപടിയുമായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് രംഗത്ത്.
ബസുകള്‍ വാടകയ്ക്ക് എടുക്കാതെ എങ്ങനെ കമ്മിഷന്‍ വാങ്ങുമെന്ന് ആരാഞ്ഞ് പന്ന്യന്‍ രവീന്ദ്രന് തച്ചങ്കരി കത്തയച്ചു. തന്റെ എല്ലാ തീരുമാനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസരിച്ചാണെന്നും, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വേദന ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, എല്‍ഡിഎഫ് നിയമിച്ച ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാര്‍ നയമല്ല നടപ്പിലാക്കുന്നതെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പൊതുയോഗത്തിലല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലാണെന്നും തച്ചങ്കരി കുറ്റപ്പെടുത്തി.
കമ്മിഷന്‍ വാങ്ങിയതായുള്ള ആരോപണത്തിന്റെ തെളിവുകള്‍ പുറത്തു കൊണ്ടുവരണമെന്നും അല്ലെങ്കില്‍ നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ, തച്ചങ്കരി ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തുന്നത് കമ്മിഷന്‍ വാങ്ങാനാണെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചിരുന്നു.
ടോമിന്‍ ജെ. തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ തടയാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും കെഎസ്ആര്‍ടിസി ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.