Tomin Thachankary-T.P Senkumar

തിരുവനന്തപുരം: റോഡ് സുരക്ഷാ അതോറിറ്റി, പൊലീസ് വകുപ്പിന് ഫണ്ട് നല്‍കാത്തത് കണക്കുകള്‍ ബോധിപ്പിക്കാത്തത് കൊണ്ടാണെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി. ഗതാഗതമന്ത്രിയും ചീഫ് സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണിതെന്നും തച്ചങ്കരി വ്യക്തമാക്കി.

ഡിജിപി ടി.പി.സെന്‍കുമാറിനു മറുപടിയായിട്ടായിരുന്നു തച്ചങ്കരിയുടെ പ്രതികരണം.

റോഡ് സുരക്ഷാ അതോറിറ്റി 2011 മുതല്‍ പൊലീസ് വകുപ്പിന് നല്‍കിയ അഞ്ചുകോടിയില്‍പ്പരം രൂപ ചെലവഴിച്ചതു സംബന്ധിച്ച കണക്കുകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതുതായി ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന് ഗതാഗത കമ്മിഷണര്‍ തീരുമാനിച്ചത്.

കണക്കുകള്‍ ബോധിപ്പിക്കാത്ത വകുപ്പുകള്‍ക്ക് തുക നല്‍കേണ്ടതില്ലെന്ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലും തീരുമാനമെടുത്തിരുന്നു. കണക്കുകള്‍ ഉടന്‍ കൈമാറണമെന്ന് ഡിജിപി ടി.പി സെന്‍കുമാറിന് കത്ത് നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

പകരം, ടി.പി സെന്‍കുമാര്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഗതാഗതമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയാണ് ചെയ്തത്. കണക്കുകള്‍ കൈമാറാന്‍ ഡിജിപി മടിക്കുന്നതെന്തിനെന്ന് തച്ചങ്കരി ചോദിച്ചു.

2007 മുതല്‍ റോഡ് സുരക്ഷാ അതോറിറ്റിയില്‍ ഓഡിറ്റിങ് നടക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗതാഗതസെക്രട്ടറിക്ക് രണ്ടുതവണ കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപോര് മറനീക്കി പുറത്തുവരുമ്പോഴും ആഭ്യന്തരവകുപ്പ് ശക്തമായി ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ സെന്‍കുമാര്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിലും ഫണ്ട് വിതരണത്തിലും തച്ചങ്കരി അനാസ്ഥ കാട്ടുവെന്നായിരുന്നു പരാതി. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഡിജിപി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഗതാഗതമന്ത്രിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top