ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റതിനു പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്.
വാദ്രയുടെ പേര് ബിജെപി അനാവശ്യമായി പലയിടത്തും വലിച്ചിഴയ്ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യംചെയ്യാന്‍ ഹാജരായത് വാദ്രയാണെങ്കില്‍ നാളെ അത് നരേന്ദ്ര മോദിയാവും- സഞ്ജയ് സിങ് പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായുള്ള ബന്ധം ദീര്‍ഘകാലം നിലനില്‍ക്കും,വിവാഹിതനായിട്ടും മോദിയുടെ കൈയ്യില്‍ തന്റെ ഭാര്യയ്ക്കൊപ്പമുള്ള ഒരു ചിത്രം പോലുമില്ലെന്നും സഞ്ജയ് സിങ് പരിഹസിച്ചു. വാദ്രയ്ക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ തലസ്ഥാനത്ത് പലയിടത്തും പ്രചരിപ്പിക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വാദ്രയും രാഹുല്‍ ഗാന്ധിയും ഒരുമിച്ചുള്ള പോസ്റ്ററുകള്‍ എഐസിസി ഓഫീസിന്റെ പരിസരങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് കുറ്റവാളികളുടെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ പതിക്കപ്പെട്ടിരിക്കുന്നതെന്നും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയും ഹവാലാ കേസില്‍ റോബര്‍ട്ട് വാദ്രയും കുറ്റവാളികളാണെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിക്കുകയും ചെയ്തിരുന്നു.
റോബര്‍ട്ട് വാദ്രയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പ്രിയങ്കാ ഗാന്ധിയും ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് വരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഹവാലാ കേസില്‍ വാദ്ര പ്രതിയായ സംഭവം ബി.ജെ.പി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് വാദ്രക്കൊപ്പം പ്രിയങ്കയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തിയത്. കേസില്‍ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.