തിരുവനന്തപുരം : വിവാദമായ ടോംസ് കോളേജിന് സാങ്കേതിക സര്‍വകലാശാല നല്‍കിയ അഫിലിയേഷനിലും തിരിമറി ഇതു സംബന്ധമായ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈരളി പീപ്പിള്‍ ടി വി ചീഫ് റിപ്പോര്‍ട്ടര്‍ എസ് ജീവന്‍ കുമാറാണ് പുറത്തുവിട്ടത്.
തന്റെ ഒപ്പോ, സീലോ ഇല്ലാത്ത അഫിലിയേഷന്‍ പേപ്പര്‍ കോളേജിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാര്‍ ജിപി പദ്മകുമാറാണ് വെളിപ്പെടുത്തിയത്. ഇതു സംബന്ധമായ രേഖകളും പുറത്തു വന്നിട്ടുണ്ട്. അംഗീകാരം ലഭിക്കാനായി ടോംസ് കോളേജ് സര്‍വകലാശാലക്ക് നല്‍കിയത് വ്യാജരേഖകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജ അഫിലിയേഷന്റെതടക്കം ടോംസ് കോളേജുമായി ബന്ധപ്പെട്ട എല്ലാ ഫയല്‍ രേഖകളും കൈരളി പീപ്പിള്‍ ടി വി പുറത്തുവിട്ടിട്ടുണ്ട്.
മറ്റക്കര ടോംസ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനുള്ള അനുമതി ചോദിച്ച് സര്‍വകലാശാല വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയതിന് പിന്നാലെയാണ് കോളേജിന്റെ അഫിലിയേഷന്‍ തന്നെ വ്യാജമാണെന്ന് രജിസ്ട്രാര്‍ കണ്ടെത്തിയത്. ടോംസ് കോളേജുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് ഈ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്.
കെടിയുവിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച സമയത്ത് കാണിച്ച സ്ഥലത്തല്ല കോളേജ് പ്രവര്‍ത്തിക്കുന്നതെന്നും, നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്ന സ്ഥലം സര്‍വകലാശാലക്ക് നല്‍കിയ അഫിലിയേഷന്‍ പേപ്പറില്‍ കാണിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള ഒരു കെട്ടിടത്തിലാണെന്നും 2016 മെയ് മാസം മൂന്നാം തീയതി സര്‍വ്വകലാശാല നിയോഗിച്ച രണ്ടംഗ പരിശോധന സമിതി കണ്ടെത്തി. AICTE മാനദണ്ഡപ്രകാരം ഇത് വളരെ ഗുരുതരമായ കുറ്റകൃത്യം ആണ്. എന്നാല്‍ ഗുരുതരമായ ഈ കണ്ടെത്തല്‍ മാത്രം മറച്ചുവെച്ച് സര്‍വ്വകലാശാല രണ്ട് ദിവസത്തിന് ശേഷം ടോംസ് കോളേജിന് ഒരു നോട്ടീസ് നല്‍കി. രജിസ്ട്രാര്‍ക്ക് വേണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഗോപിന്‍ ആണ് കോളേജ് പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കോളേജിലെ മറ്റ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം എന്ന് മാത്രമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.
24 മണിക്കൂറിനുള്ളില്‍ ചെയര്‍മാന്‍ ടോംസ് നല്‍കിയ വിശദീകരണം അംഗീകരിച്ച് കൊണ്ട് 2016 മെയ് 11ന് കോളേജിന് പ്രവര്‍ത്താനുമതി നല്‍കി. അഫിലിയേഷന്‍ രേഖയില്‍ രജിസ്ട്രാറുടെ ഒപ്പോ സീലോ ഇല്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ടോംസ് കോളേജുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കവേയാണ് ഇക്കാര്യം രജിസ്ട്രാര്‍ കണ്ടെത്തുന്നത്. താന്‍ അനുമതി നല്‍കാത്ത കോളേജിന് എങ്ങനെ ആര് പ്രവര്‍ത്തനാനുമതി കൊടുത്തു എന്ന് വിശദീകരിക്കാന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.
സര്‍വ്വകലാശാലയിലെ ഒരു ഉന്നത ഉദ്യേഗസ്ഥന്‍ തന്നെ രജിസ്ട്രാറുടെ പേരില്‍ ഇഗവേണന്‍സ് വഴി അഫിലിയേഷന്‍ നല്‍കുകയായിരുന്നു. ഇതിന്റെ ലോഗിന്‍ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും, അഫിലിയേഷന്‍ ഫയലുകളടക്കം രജിസ്ട്രാറെ കാണിക്കാതെ തീരുമാനം എടുത്ത ശേഷം രജിസ്ട്രാറുടെതെന്ന പേരില്‍ ഉത്തരവ് ആയി ഇറക്കുകയും ചെയ്യുകയായിരുന്നു. ഈ ഉത്തരവിന് QR കോഡ് അഥവാ സര്‍വ്വകലാശാലയുടെ രഹസ്യ മുദ്ര ഇല്ല എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു.
അടുത്ത ദിവസങ്ങളില്‍ മാത്രം ആണ് രജിസ്ട്രാര്‍ക്ക് പോലും ഇഗവേണന്‍സിലേക്ക് പ്രവേശനത്തിനുള്ള പാസ്‌വേര്‍ഡ് സര്‍വ്വകലാശാല ഉന്നത ഉദ്യേഗസ്ഥന്‍ നല്‍കിയത്. ടോംസ് കോളേജിന് അഫിലിയേഷന്‍ നല്‍കാനായി സര്‍വ്വകലാശാല തന്നെ ക്രമക്കേടുകള്‍ നടത്തി എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് കോളേജിന്റെ അഫിലിയേഷന്‍ ഉടന്‍ റദ്ദാക്കണമെന്ന് രജിസ്ട്രാര്‍ ജിപി പദ്മകുമാര്‍ ഇന്നലെ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടത്. കൂടാതെ തന്റെ പേരില്‍ താന്‍ അറിയാതെ പല കോളേജുകള്‍ക്കും ഇത് പോലെ അഫിലിയേഷന്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, സമഗ്രമായ ഒരു അന്വേഷണം ഈ കാര്യത്തില്‍ നടത്തണമെന്നും രജിസ്ട്രാര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തുവന്ന വിവരങ്ങള്‍ സര്‍വകലാശാലയിലെ പല ഉന്നതര്‍ക്കും വലിയ കുരുക്കാവുമെന്നാണ് സൂചന.