ടൂൾ കിറ്റ് കേസ്; ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ഫെബ്രുവരി 23 ന്

ഡൽഹി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവി നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഫെബ്രുവരി 23 ന് വിധി പറയും. ജാമ്യഹർജിയിൽ ഇന്ന് ഡൽഹി കോടതിയിൽ വാദം പൂർത്തിയായി. വാദത്തിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ ഉയർന്നുവന്നു. കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തേണ്ട സാഹചര്യമെന്തെന്നും കോടതി ആരാഞ്ഞു.

പിജെഎഫ് നിരോധിത സംഘടനയല്ലെന്ന് ദിശയുടെ അഭിഭാഷകൻ വാദിച്ചു. ദിശ കർഷക സമരത്തെ അനുകൂലിക്കുക മാത്രമാണ് ചെയ്തത്. ടൂൾ കിറ്റിലെ ഒരു കാര്യവും നിയമ വിരുദ്ധമല്ല. വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തതാണ് വലിയ കുറ്റമായി പറയുന്നത്. ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് സ്വന്തം നമ്പറിൽ നിന്നാണ്. ഗൂഢാലോചന നടത്താനാണ് ഉദ്ദേശമെങ്കിൽ സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമോ എന്നും ദിശയുടെ അഭിഭാഷകൻ ചോദിച്ചു.

ജാമ്യം നൽകണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഡൽഹി വിട്ട് പോകാതിരിക്കാൻ തയ്യാറാണെന്നും ദിശയുടെ അഭിഭാഷകൻ വ്യക്തമാക്കി.

Top