ഉന്നാവോ കേസ് ; വിചാരണ യു.പിക്ക് പുറത്തേക്ക്, വിവരങ്ങള്‍ പുറത്തുവിടരുതെന്ന് . .

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് സുപ്രീം കോടതി. കേസിന്റെ വിചാരണ യു.പിക്ക് പുറത്തേക്ക് മാറ്റണമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ ലക്നൗ കോടതിയാണ് പരിഗണിക്കുന്നത്. കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരിയുടെ കുടുംബം നല്‍കിയ കത്ത്, കേസ് അന്വേഷിക്കുന്ന സി.ബി.ഐയ്ക്ക് കൈമാറുമെന്നും കേസിലെ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെ ബലാത്സംഗ കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ ബി. ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഇരയായ പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം പെണ്‍കുട്ടിയുടെ വാഹനത്തിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിങ്ങിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിങ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതി സ്ഥാനത്തുള്ള അരുണ്‍ സിങ് ബി.ജെ.പി നേതാവും ഉന്നാവോ ബ്ലോക്ക് പ്രസിഡന്റുമാണ്. ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 12-നാണ് ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ബി.ജെ.പി എം.എല്‍.എക്കെതിരെയുള്ള ബലാംത്സംഗക്കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്.

എന്നാല്‍ ജൂലായ് 12-ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

‘കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്റെ കുടുംബത്തെ കള്ളക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്”, എന്ന് കത്തില്‍ പെണ്‍കുട്ടി പറയുന്നു.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. അതേസമയം കുല്‍ദീപിനെതിരെ പരാതി നല്‍കാന്‍ പോയപ്പോള്‍ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. എഫ്ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കുല്‍ദീപ് ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

Top