ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നടത്തിയ പ്രതിഷേധറാലിയില്‍ ലഷ്‌കറെ തയിബ ഭീകരന്‍ അബു ദുജാന പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെ റാലിയില്‍ ദുജാനയെ കണ്ടുവെന്നും അയാള്‍ക്കു ചുറ്റും മുദ്രാവാക്യങ്ങള്‍ വിളിച്ച് ആളുകള്‍ നീങ്ങുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല.
ദുജാനയ്‌ക്കൊപ്പം മറ്റു ചില ഭീകരരും ഉണ്ടായിരുന്നുവെന്നും ഇവര്‍ മുഖം മറിച്ചിരിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉള്ളതായി തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ തന്റെ ആളുകളാണെന്നു ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയിദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ദുജാനയെ റാലിക്കിടെ കണ്ടതായുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
സൈനിക നടപടിക്കിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രക്ഷോഭമാണ് കശ്മീരില്‍ നടക്കുന്നത്. മുന്‍പ് കൊല്ലപ്പെട്ടിട്ടുള്ള ഭീകരരുടെ കുടുംബങ്ങള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ ഇതുവരെ 47 പേര്‍ കൊല്ലപ്പെടുകയും 2500 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.