വാഷിങ്ടന്‍: യുഎസിലെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപീകരിച്ച ദൗത്യസംഘത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍. സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. ആന്തണി ഫൗചി, രോഗനിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങളുടെ കമ്മിഷണര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ്, ഭക്ഷ്യ, മരുന്ന് അഡ്മിനിസ്ട്രേഷന്‍ കമ്മിഷണര്‍ സ്റ്റീഫന്‍ ഹാന്‍ എന്നിവരെയാണ് ക്വാറന്റീന്‍ ചെയ്തത്. കോവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായതിന്റെ പശ്ചത്താലത്തില്‍ രണ്ടാഴ്ചത്തേക്കാണ് മൂവരും സ്വയം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോണള്‍ഡ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കാത്തി. ഇതിന് പിന്നാലെ ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പഴ്സനല്‍ അസിസ്റ്റന്റിനും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മൈക്ക് പെന്‍സിനെയും ട്രംപിനേയും ദിവസവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.