ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ഗീതു മോഹന്‍ദാസിന്റെ മൂത്തോനും ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന്. ഫെസ്റ്റിവലിലെ കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കുക.
സ്പെഷ്യല്‍ പ്രെസെന്റഷന്‍ ആയിട്ടാണ് മൂത്തോന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ബോംബൈ റോസ്,സ്‌കൈ ഈസ് പിങ്ക് എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഒരു ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുന്ന പോരുകാളയുടെ അതിക്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ സ്റ്റില്ലുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമയുടെ പ്രദര്‍ശനം എന്നാണെന്ന് ഫെസ്റ്റിവല്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. ഈ മാസം 20ന് ഷോ ടൈമിംഗ്‌സ് പുറത്തു വിടുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.
ലിജോയുടെ ജോസിന്റെ ഏഴാമത്തെ സിനിമയാണ് ജെല്ലിക്കെട്ട്. നേരത്തെ, ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളും ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. വിനായകന്‍, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുല്‍ സമദ് തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റുകളിലൊന്നാണ് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.ഈ വര്‍ഷത്തെ ഫിലിം ഫെസ്‌റിവല്‍ സെപ്റ്റംബര്‍ അഞ്ചിനാണ് തുടങ്ങുന്നത്.