ഒരുവര്‍ഷത്തിനിടെ 7പേര്‍ക്കെതിരെ പീഡനക്കേസ്; രണ്ടെണ്ണം വ്യാജം, യുവതിക്കെതിരെ പരാതി

ഗുരുഗ്രാം: ഒരുവര്‍ഷത്തിനിടെ ഏഴ് പേര്‍ക്കെതിരെ യുവതി പീഡന പരാതി നല്‍കിയ സംഭവത്തില്‍ പ്രത്യേകസംഘത്തെ രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹരിയാണ വനിതാ കമ്മീഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രീതി ഭരദ്വാജ് ദലാല്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.

സാമൂഹിക പ്രവര്‍ത്തകയായ ദീപിക നാരായണ്‍ ഭരദ്വാജാണ് യുവതിയുടെ പീഡന പരാതികളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വനിതാ കമ്മീഷന് പരാതി നല്‍കിയത്. വ്യാജ പീഡന പരാതികള്‍ നല്‍കി പുരുഷന്മാരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരു യുവതി തന്നെ ഏഴ് പേര്‍ക്കെതിരെ പീഡന പരാതികള്‍ നല്‍കിയതാണ് സംശയത്തിനിടയാക്കിയത്. വ്യത്യസ്ത ദിവസങ്ങളില്‍, ഗുരുഗ്രാമിലെ പല പൊലീസ് സ്റ്റേഷനുകളിലാണ് യുവതി പരാതി നല്‍കിയിരുന്നത്. അടുത്തിടെ ഡി.എല്‍.എഫ് ഫേസ് 3 പൊലീസ് സ്റ്റേഷനിലും യുവതിയുടെ പരാതിയില്‍ കേസെടുത്തിരുന്നു.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു എല്ലാ പരാതികളുടെയും ഉള്ളടക്കം. യുവതി നല്‍കിയ പരാതികളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷവും യുവതി കൂടുതല്‍ പേര്‍ക്കെതിരെ സമാനമായ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് യുവതിയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.

 

Top