തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. എയര്‍പോര്‍ട്ട് ജീവനക്കാരി നല്‍കിയ പരാതിയിലാണ് കേസ്. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജന്‍സികള്‍ വഴി താല്‍ക്കാലികമായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. അത്തരത്തില്‍ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. ഈ മാസം നാലാം തീയതി തന്നെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നല്‍കിയിരുന്നു.
പൊലീസ് കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തില്‍ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗീക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തില്‍ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം. മധുസൂദന ഗിരി റാവുവിന്റെ പേര് പരാമര്‍ശിക്കാതെയാണ് അദാനി ഗ്രൂപ്പിന്റെ കുറിപ്പ്.