പ്രണയിച്ചവന്‍ മാനസിക രോഗിയെന്ന് മുദ്രകുത്തി; ലൈംഗിക വൈകൃതവും, സ്ത്രീധന പീഡനവും !

ആലുവ: ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എല്‍.എല്‍.ബി വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ഭര്‍തൃവീട്ടില്‍ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് സഹപാഠി ജോവിന്‍. സ്ത്രീധനം ആവശ്യപ്പെട്ട് മൊഫിയയെ ഭര്‍ത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ജോവിന്‍ വെളിപ്പെടുത്തി.

ഒരു വിധം എല്ലാ കാര്യങ്ങളും മോഫിയ താനുമായി പങ്കുവെച്ചിരുന്നുവെന്നും ജോവിന്‍ വ്യക്തമാക്കി. ‘വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഭര്‍ത്താവ് സുഹൈലിന് ഗള്‍ഫില്‍ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഗള്‍ഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. ഇനി സിനിമാ മേഖലയിലേക്ക് ഇറങ്ങാന്‍ പോകുകയാണ്. തിരക്കഥ എഴുതി ജീവിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു. ഇതിന് മോഫിയ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍, ഒരു തരത്തിലുള്ള ജോലിക്കും സുഹൈല്‍ പോയിരുന്നില്ല. മുഴുവന്‍ സമയം മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുകയായിരുന്നുവെന്നാണ് മോഫിയ പറഞ്ഞത്. ഇവളോട് സംസാരിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ തയ്യാറാകാതെ ആയി. പിന്നീട് ചെറിയ പ്രശ്നങ്ങള്‍ ഉടലെടുത്തു. മാനസികമായി മോഫിയയെ ഒരുപാട് തളര്‍ത്തി. ശാരീരിക പീഡനങ്ങളും ഇതിനിടയിലുണ്ടായി.

ശരീരത്തില്‍ പച്ച കുത്തണമെന്ന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇവള്‍ക്ക് അതില്‍ താത്പര്യമുണ്ടായിരുന്നില്ല. പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്.

സമീപത്തുള്ള ഒരു സ്ഥലം വാങ്ങുന്നതിന് സ്ത്രീധനത്തിനായി സുഹൈലിന്റെ മാതാപിതാക്കള്‍ മൊഫിയയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളെ ആയിട്ടുള്ളുവെന്നതിനാല്‍ മോഫിയയുടെ വീട്ടുകാര്‍ക്ക് ഈ സമയത്ത് പണം കൊടുക്കുനുണ്ടായിരുന്നില്ല. താന്‍ നേരിടുന്ന മാനസിക പീഡനങ്ങള്‍ മോഫിയ വീട്ടുകാരെ അറിയിക്കുമെന്നുള്ളതിനാലാകാം മോഫിയ മാനസിക രോഗിയാണെന്ന് പറഞ്ഞ് പരത്താനുള്ള ശ്രമം നടത്തിയിരുന്നു. നാട്ടിലൊക്കെ അങ്ങനെ പറഞ്ഞ് പരത്തി.

സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചതനുസരിച്ച് വലിയ പ്രതീക്ഷകളോടെയാണ് അവള്‍ പോയിരുന്നത്. എന്നാല്‍ സിഐയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത് അവളെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാകാമെന്നാണ് മനസ്സിലാക്കുന്നത്. സിഐ ഒന്ന് മയത്തില്‍ സംസാരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ മോഫിയ ഞങ്ങള്‍ക്കൊപ്പം ഇന്ന് ക്ലാസില്‍ ഇരിക്കുമായിരുന്നു’ – ജോവിന്‍ പറഞ്ഞു. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിയായിരുന്നു മോഫിയ.

അതേസമയം, മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയിലായി. കോതമംഗലത്തെ ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു ഇവരെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്.

മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Top