ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച അതേ ടീമുമായാണ് ഇരുവരും ഇറങ്ങുന്നത്. അഹമ്മദാബാദിലെ തിങ്ങിനിറഞ്ഞ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് ഹൈ വോള്‍ട്ടേജ് ഗ്രാന്‍ഡ് ഫിനാലെ.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ച് ആധികാരികമായി ഫൈനലില്‍ എത്തിയ ഇന്ത്യയും ആദ്യ രണ്ട് കളികളില്‍ തോറ്റതിന്റെ പരിഹാസം കാറ്റില്‍ പറത്തി തുടര്‍ച്ചയായ 8 ജയങ്ങളുമായി കലാശപ്പോരിലെക്ക് കടന്ന ഓസ്‌ട്രേലിയയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് പ്രവചനം സാധ്യമല്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പരവദാനി വിരിച്ച നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ കപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കോടികണക്കിന് ആരാധകര്‍.
ഈ മൈതാനത്ത് ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കയിരുന്നു മുന്‍തൂക്കം. ഈ ലോകകപ്പില്‍ നാല് മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നപ്പോള്‍ അതില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. 5 ലോകകപ്പുകള്‍ നേടിയിട്ടുള്ളവരാണ് ഓസ്‌ട്രേലിയ.1987ല്‍ ഇന്ത്യയില്‍ വച്ചായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം. 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ മറ്റ് കിരീടങ്ങള്‍. 2തവണയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. 1983ല്‍ കപില്‍സ് ഡെവിള്‍സ് ടീം ആദ്യം കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 2011ല്‍ ധോണിയുടെ നേതൃത്വത്തില്‍ രണ്ടാം കിരീടം.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (WK), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബുഷാഗ്‌നെ, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ് (WK), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാമ്പ, ജോഷ് ഹേസല്‍വുഡ്.