ലണ്ടന്‍: കൊറോണ വൈറസ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച ബ്രിട്ടനില്‍, ലോക്ഡൗണ്‍ ലംഘിച്ച് ഫുട്‌ബോള്‍ പരിശീലനത്തിനിറങ്ങിയ ടോട്ടനം ഹോട്‌സ്പറിന്റെ പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോയും സംഘവും വിവാദക്കുരുക്കില്‍.
മൗറീഞ്ഞോയ്ക്ക് പുറമെ ടോട്ടനം താരങ്ങളായ ഡേവിന്‍സണ്‍ സാഞ്ചസ്, റയാന്‍ സെസേഗ്‌നന്‍, താങ്ഗൂയ് എന്‍ഡോംബെലെ തുടങ്ങിയവരാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ച് പരിശീലനത്തിനിറങ്ങിയത്.
ലണ്ടന്‍ പാര്‍ക്കില്‍ നാല്‍വര്‍ സംഘം പരിശീലിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, മൗറീഞ്ഞോയ്ക്കും സംഘത്തിനും പൊലീസ് മുന്നറിയിപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ടോട്ടനം ഹോട്‌സ്പര്‍ പ്രത്യേകം പ്രസ്താവനയും പുറത്തിറക്കി. ടോട്ടനം താരങ്ങളും പരിശീലകരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെയും ആവശ്യകതയിലൂന്നിയാണ് പ്രസ്താവന. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവര്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കേണ്ടതുണ്ട്.
‘ടോട്ടനം ഹോട്‌സ്പറിന്റെ എല്ലാ താരങ്ങളും പുറത്ത് പരിശീലിക്കുമ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അകലം പാലിക്കണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നു. ഇക്കാര്യം നടപ്പാക്കുന്നുവെന്ന് ക്ലബ് ആവര്‍ത്തിച്ച് ഉറപ്പുവരുത്തും’ ടോട്ടനം വക്താവ് വ്യക്തമാക്കി.
അതേസമയം, ആവശ്യമായ എല്ലാ മുന്‍കരുതലുകളുമെടുത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനത്തിന് ഇറങ്ങിയതെന്നാണ് മൗറീഞ്ഞോയുടെ വാദം.
അതേസമയം, കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ച് പകുതിടെ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ കായിക മത്സരങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതിനുശേഷം വീടുകളിലിരുന്ന് പരിശീലിക്കാനാണ് താരങ്ങള്‍ക്ക് പ്രമുഖ ക്ലബ്ബുകള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനിടെയാണ് താരങ്ങളെയും കൂട്ടി മൗറീഞ്ഞോ പരിശീലനത്തിന് ഇറങ്ങിയത്.