ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ മോശം പ്രകടനത്തിന് പിന്നാലെ ടോട്ടനത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വന്‍ തോല്‍വി. ലെസ്റ്ററിനോട് 2-1 നാണ് ടോട്ടനം തോല്‍വി വഴങ്ങിയത്. 70 മിനുട്ട് ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് സ്പര്‍സ് ലീഡ് കളഞ്ഞ് കുളിച്ചത്. തോല്‍വിയോടെ ടോട്ടനം അഞ്ചാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ 11 പോയിന്റുള്ള ലെസ്റ്റര്‍ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
യുണൈറ്റഡിന് മുന്നില്‍ തോല്‍വി വഴങ്ങിയ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ലെസ്റ്റര്‍ ഇറങ്ങിയതെങ്കില്‍, ടോട്ടനം ചാമ്പ്യന്‍സ് ലീഗ് ടീമില്‍ ആറ് മാറ്റങ്ങളാണ് വരുത്തിയത്. 29ാം മിനുട്ടില്‍ ഹാരി കെയ്‌നിലൂടെ ടോട്ടനം മത്സരത്തില്‍ ലീഡ് എടുത്തു. സോണിന്റെ പാസ്സ് സ്വീകരിച്ച കെയ്ന്‍ ബോക്സില്‍ വീണെങ്കിലും അതിന് മുന്‍പേ പന്ത് വലയിലാക്കാന്‍ താരത്തിനായി.
രണ്ടാം പകുതിയില്‍ ഒറിയെ സ്പര്‍സിന്റെ ലീഡ് ഉയര്‍ത്തിയെങ്കിലും ‘വാര്‍’ ഗോള്‍ നല്‍കിയില്ല. സോണ് ഓഫ് സൈഡ് ആയതാണ് കാരണം. 69ാം മിനുട്ടില്‍ ലെസ്റ്റര്‍ കാത്തിരുന്ന സമനില ഗോള്‍ പിറന്നു. വാര്‍ഡി നല്‍കിയ പാസ്സ് പെരേര ഗോളിലേക്ക് തിരിച്ചു വിട്ടത് ഡാനി റോസില്‍ തട്ടി വലയില്‍. 84ാം മിനുട്ടില്‍ ടീലമാന്‍സിനെ പിന്‍വലിച്ച് റോഡ്ജെര്‍സ് ഹംസ ചൗദരിയെ ഇറക്കിയതിന് രണ്ട് മിനിട്ടുകള്‍ക്ക് ശേഷം ഫലം ലഭിച്ചു. ചൗധരി നല്‍കിയ പസ്സില്‍ നിന്ന് ബോക്‌സിന് പുറത്ത് നിന്ന് ജെയിംസ് മാഡിസന്റെ ഷോട്ട് ഗാസനിഗയെ കീഴടക്കി വലയില്‍ പതിച്ചു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ലീഡ് എടുത്ത ശേഷം പോയിന്റ് നഷ്ടപ്പെടുത്തുന്ന സ്പര്‍സിന് സീസണില്‍ പ്രതിരോധം കാര്യമായ തലവേദനയാകും എന്ന് ഉറപ്പാണ്. ലീഗില്‍ നേരത്തെ അവസാനിച്ച മറ്റൊരു മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്ത് ജയം നേടി. സതാംപ്ടണെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍മൗത്ത് തകര്‍ത്തത്. നതാന്‍ അകെ, ഹാരി വില്‍സണ്‍, കല്ലം വില്‍സണ്‍ എന്നിവരാണ് ബേണ്‍മൗത്തിനായി ഗോള്‍ നേടിയത്. ജയിംസ് വാര്‍ഡിന്റെ വകയായിരുന്നു സതാംപ്ടണിന്റെ ആശ്വാസ ഗോള്‍.