തിരുവനന്തപുരം:വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി സര്‍ക്കാരും ഉത്തരവാദിത്ത ടൂറിസം മിഷനും നടപ്പിലാക്കുന്ന പദ്ധതികളില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൂര്‍ണമായും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്തവും, മാലിന്യ രഹിതവുമായി വികസിപ്പിക്കുന്ന പദ്ധതിയുടെയും, ഇതിനോട് അനുബന്ധിച്ച് നടത്തിയ ദ്വിദിന ശില്‍പശാലയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസിരാക്കുകയായിരുന്നു മന്ത്രി.
നാടിന്റെ വികസനത്തില്‍ വിനോദ സഞ്ചാര മേഖലയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന വികസന നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജനങ്ങളുടെ താല്‍പര്യം മുന്‍ നിര്‍ത്തിയും അതൊടൊപ്പം പ്രകൃതി ദത്തമായ രീതിയിലുമായിരിക്കണം ടൂറിസം മേഖലയെന്നും മന്ത്രി പറഞ്ഞു.
ഒന്നേ മുക്കാല്‍ വര്‍ഷത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം ടൂറിസം മേഖലയക്ക് ഉണ്ടാക്കിയ ഉണര്‍വ് ചെറുതല്ല. സര്‍ക്കാരിന്റെ ടൂറിസം നയം ഉത്തരവാദിത്ത ടൂറിസത്തില്‍ ഊന്നിയുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി 15000 ത്തിലധികം യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. അതിന്റെ പ്രയോജനം തദ്ദേശിയര്‍ക്കും കിട്ടണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.